
വീട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം നല്ലതാണോ, ദോഷങ്ങളെന്തെങ്കിലും ഉണ്ടോ എന്നു പരിശോധിക്കുന്ന രീതിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
നല്ല ഒരുദിവസം നോക്കി പ്രാര്‍ഥനയൊക്കെ കഴിഞ്ഞ് സ്ഥലം കിളച്ചുനോക്കുക. ആദ്യമായി ലഭിക്കുന്നത് അസ്ഥിയാണെങ്കില്‍ കുലം നശിക്കും. കരിക്കട്ട കിട്ടിയാല്‍ രോഗബാധയുണ്ടാകും. വിറക് കിട്ടിയാല്‍ തീപിടിക്കും. ഉമി കിട്ടിയാല്‍ ധനനാശം ഉണ്ടാകും. ഇഴജന്തുക്കളെ കാണുന്നതും നന്നല്ല.
എന്നാല്‍ ചെങ്കല്ലിന്റെ കട്ടകള്‍ കിട്ടിയാല്‍ ഐശ്വര്യവും ഇഷ്ടികയായാല് ധനാഭിവൃദ്ധിയും ആണ് ഫലം.
സ്ഥലത്തിന്റെ നടുവിലായി ഒരു കുഴിയുണ്ടാക്കി അതില്‍നിന്നു ലഭിച്ച മണ്ണ് തിരിച്ച് അതേ കുഴിയിലിടുമ്പോള്‍ മണ്ണ് ബാക്കി വന്നാല്‍ വീട് നിര്‍മിക്കാന്‍ നല്ലതാണ്. കുഴി നിറയാന്‍ മണ്ണ് തികയാതെ വന്നാല്‍ അവിടെ വീട് നിര്‍മിക്കരുത്.
ഇതുപോലെ സമചതുരമായി ഒരു കോല് ആഴത്തില്‍ ഒരു കുഴിയുണ്ടാക്കി അതില്‍ നിറയെ വെള്ളം ഒഴിക്കണം. എന്നിട്ട് പ്രാര്‍ഥിച്ചശേഷം ഒരു പൂവിന്റെ ഇതള്‍ ആ വെള്ളത്തില്‍ ഇടുക. അപ്പോള്‍ അത് പ്രദക്ഷിണമായി കറങ്ങുകയാണെങ്കില്‍ ഉത്തമമായ ഭൂമിയാണ്. മറിച്ചായാല്‍ നന്നല്ല. ഇത് ഇപ്പോള്‍ നാളികേരം ഉടച്ച് ഒരു ഭാഗമെടുത്തും ചെയ്യാറുണ്ട്.
ഇങ്ങനെ ചില പരീക്ഷണങ്ങള്‍ വാസ്തുശാസ്ത്രം നിര്‍ദേശിക്കുന്നു. എന്നാല്‍ സ്ഥലത്തിന് വിലവര്‍ധനയും ദൗര്ലഭ്യവുമുള്ള ഇക്കാലത്ത് ഇത്തരം വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള പരിശോധനകള്‍ കുറവാണ്.






