
മൂവാറ്റുപുഴ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. കെ.ബാബു 45 ശതമാനത്തോളം വരവില്‍ കവിഞ്ഞുള്ള സ്വത്ത് സമ്പാദിച്ചതായും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ബാബുവിന്റെ ആവശ്യപ്രകാരം വീണ്ടും മൊഴിയെടുത്ത ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഡി.എ, ടി.എ അടക്കമുള്ള തന്റെ വരുമാനം കൂടി പരിഗണിക്കണമെന്നായിരുന്നു ബാബുവിന്റെ ആവശ്യം. എന്നാല്‍ ഇത് പൂര്‍ണ്ണമായും അന്വേഷണ സംഘം ഉള്‍ക്കൊണ്ടിട്ടില്ല. കുറ്റപത്രത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നു കെ.ബാബുവും പറഞ്ഞു.
വിജിലന്‍സ് നേരത്തെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേ, തനിക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുണ്ടെന്ന് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ചുമതല വഹിച്ചിരുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് ബാബു കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാബുവില്‍ നിന്നും മൊഴി എടുത്തിരുന്നു. എന്നാല്‍ തന്റെ ടി.എ, ഡി.എ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തണ ആവശ്യത്തില്‍ കൂടുതലൊന്നും നല്കാന് ബാബുവിന് കഴിഞ്ഞിരുന്നില്ല. ബാബുവിന്റെ ബന്ധുക്കളില്‍ നിന്നും സുഹൃത്തക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.






