
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് അണിയാനുള്ള യൂണിഫോം ഒരുങ്ങുന്നതു തടവറകളില്‍. സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്കു യൂണിഫോമിനുള്ള കൈത്തറി വസ്ത്രം നെയ്യാന്‍ തടവുകാരെ നിയോഗിക്കുകയാണ്. സ്ഥലസൗകര്യമുള്ള ജയിലുകളില്‍ തറി സ്ഥാപിച്ചോ വെറുതേ കിടക്കുന്ന തറികളില്‍ തടവുകാരെ എത്തിച്ചോ തുണി നെയ്യാനാണു പദ്ധതി.
പ്രവര്‍ത്തനക്ഷമമല്ലാത്ത തറികള്‍ നന്നാക്കിയും ഉപയോഗിക്കും. തുണി നെയ്യാന്‍ തടവുകാര്‍ക്കു പരിശീലനം നല്‍കുന്നതടക്കം ഹാന്വീവിനാണു ചുമതല.
തടവുകാര്‍ക്കു പുറമേ 18-40 വയസ് പ്രായവും താല്‍പ്പര്യവുമുള്ള ചെറുപ്പക്കാര്‍ക്കും പരിശീലനം നല്‍കും. നെയ്ത്തു തൊഴില്‍ അറിയുന്നവരും എന്നാല്‍ വീട്ടില്‍ തറി ഇല്ലാത്തവരുമായ നെയ്ത്തുകാര്‍ക്ക് 'വീട്ടിലൊരു തറി' പദ്ധതിപ്രകാരം തറികള്‍ നല്കുന്ന പദ്ധതിയും വിപുലമാക്കും. സ്കൂള്‍ തുറക്കുന്നതിനു മുന്‍പ് പരമാവധി യൂണിഫോമുകള്‍ സ്കൂളുകളില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമാകുന്ന നെയ്ത്തുകാര്‍ക്ക് കൂടുതല്‍ തൊഴില്‍ദിനങ്ങളും കൂടുതല്‍ വേതനവും ലഭ്യമാക്കും. നിശ്ചിത ടാര്‍ജറ്റില്‍ കൂടുതല്‍ നെയ്യുന്നവര്‍ക്കു പ്രോത്സാഹനമായി ആഴ്ചയില്‍ 1000 രൂപയും ഒരു മാസം പരമാവധി 4000 രൂപയും കൂടുതലായി ലഭ്യമാക്കും.
പരമ്പരാഗത വ്യവസായ മേഖലയായ കൈത്തറി വ്യവസായത്തെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമായി സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് കൈത്തറിയില്‍ നെയ്തെടുത്ത സ്കൂള്‍ യൂണിഫോം സൗജന്യമായി നല്കുന്ന പദ്ധതി 2016-17 ബജറ്റിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ വകുപ്പും കൈത്തറി വസ്ത്ര ഡയറക്ടറേറ്റിനുമാണു ചുമതല.
വിദ്യാഭ്യാസ വകുപ്പ് ഫണ്ട് നല്‍കുന്നതോടെ കൈത്തറി മേഖല ഉണര്‍ന്നുതുടങ്ങി. നെയ്ത്തുജോലി ഉപേക്ഷിച്ചവരില്‍ 3,800 പേര് തിരിച്ചെത്തി.
കൈത്തറിക്കൊപ്പം പ്രതിസന്ധിയിലായ പവര്‍ലൂം മേഖലയെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണ്. ഇതിന്റെ ഭാഗമായി ടെക്സ്ഫെഡിന്റെ കീഴിലുള്ള കോട്ടയം ഇന്റഗ്രേറ്റഡ് പവര്‍ലൂം ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നെയ്യാറ്റിന്‍കര താലൂക്ക് ഇന്റഗ്രേറ്റഡ് പവര്‍ലൂം ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കാലിക്കറ്റ് ഇന്റഗ്രേറ്റഡ് പവര്‍ലൂം ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, വയനാട് ഹാന്‍ഡ്ലൂം പവര്‍ലൂം മള്‍ട്ടിപര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കേരള ഹൈടെക് വീവിങ് ആന്‍ഡ് ഗാര്‍മെന്റ് കോ-ഓപ്പറേറ്റീവ് മില്‍സ് എന്നിവ ആധുനികവല്ക്കരിക്കാന് നടപടിയായി. പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ ബജറ്റില്‍ മൂന്നരക്കോടി രൂപ വകയിരുത്തിയിട്ടുണ്ട്.






