
ബലെനോയ്ക്ക് ഫേസ്ലിഫ്റ്റുമായി മാരുതി എത്തുന്നു. പ്രീമിയം ഹാച്ച് ബലെനോയുമായി മാരുതി 2015 ഓക്ടോബറിലാണ് ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. എന്നാൽ, വിപണിയിൽ എത്തിയിട്ട് ഇതുവരെ ഒരു പരിഷ്കരണവും ബലെനോയ്ക്ക് ലഭിച്ചിട്ടില്ല എന്ന പരിഭവം ഉയർന്നുവന്ന സാഹചര്യത്തിലാണ് മാരുതി ബലെനോയ്ക്ക് ഫേസ്ലിഫ്റ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
പുത്തൻ ബലെനോയുമായി അടുത്ത വർഷം ആദ്യ പകുതിയോടെ മാരുതി വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഡീസൽ എൻജിനോടെ ആയിരിക്കും ബലെനോ എത്തുക എന്നതും ശ്രദ്ധേയം. ബലെനോ പുത്തൻ പതിപ്പിന് മാരുതി വികസിപ്പിച്ച പുതിയ 1.5 ലിറ്റർ ഡീസൽ എൻജിനായിരിക്കും കരുത്തേകുക. നിലവിലെ 1.2 ലിറ്റർ കെ സീരീസ് എൻജിനിൽ തന്നെയായിരിക്കും പെട്രോൾ പതിപ്പ് എത്തുക.
ഈ വർഷം സെപ്തംബർ മുതലായിരിക്കും ഫേസ്ലിഫ്റ്റിന്റെ ഉല്പാദനം മാരുതി ആരംഭിക്കുക. പുതിയ 1.5 ലിറ്റർ ഡീസൽ എൻജിൻ മലിനീകരണ മാനദണ്ഡം ഭാരത് സ്റ്റേജ് VI പാലിച്ചുള്ളതായിരിക്കും.






