
ദക്ഷിണകൊറിയ പുതിയ ആയുധം വികസിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. പൊതുവേ ലോകം ശാന്തരാണെന്ന് വിലയിരുത്തിയ ദക്ഷിണ കൊറിയയില്‍ നിന്നാണ് പുതിയ വാര്‍ത്ത. കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് കില്ലര്‍ റോബോട്ടുകള്‍ തയ്യാറാക്കുന്നത്. ദ ഗാര്ഡിയന് അടക്കമുള്ള പത്രങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്. വ്യോമ, കര, ജല മാര്‍ഗ്ഗം അക്രമണം നടത്താന്‍ കഴിയുന്ന യുദ്ധ യന്ത്രങ്ങളാണ് വികസിപ്പിക്കുന്നത്. ഇതിന് ആവശ്യമായ സാങ്കേതിക വിദ്യ കെഎഐഎസ്ടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ഹന്‍വ സിസ്റ്റംസാണ് നിര്‍മിത ബുദ്ധി നിര്‍മ്മാണത്തില്‍ ദക്ഷിണ കൊറിയയെ സഹായിക്കുന്നത്. യുദ്ധത്തില്‍ നിര്‍മിത ബുദ്ധി പ്രകാരം പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെയും ആകാശത്തു പറന്നു സ്വയം ആക്രമണം നടത്തുന്ന ഡ്രോണുകളേയും നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ദക്ഷിണ കൊറിയ.
അതേസമയം, കില്ലര്‍ റോബട്ടുകളെ സൃഷ്ടിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും അത്തരത്തില്‍ മനുഷ്യന് ദോഷകരമായ യാതൊന്നും തങ്ങള്‍ ചെയ്യില്ലെന്നുമാണ് ദക്ഷിണ കൊറിയയുടെ വാദം. 30 രാജ്യങ്ങളില്‍ നിന്നു ഗവേഷണത്തിനു വേണ്ടി ദക്ഷിണ കൊറിയയിലെത്തിയ 57 വിദഗ്ധര്‍ ഈ കൊറിയന്‍ നീക്കത്തില്‍ നിന്നും പിന്മാറിയെന്നാണ് ഒരു റിപ്പോര്‍ട്ട്. ദക്ഷിണകൊറിയയുടെ ഭീകരമായ സൈനിക പദ്ധതി ഇവരില്‍ നിന്നാണ് പുറംലോകം അറിഞ്ഞത്.






