
ജമ്മു: കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ക്രൂരമായ അക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജമ്മു സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഇരയുടെ അഭിഭാഷകയ്ക്കും കുടുംബത്തിനും സുരക്ഷയൊരുക്കണമെന്ന് സുപ്രീം കോടതി ജമ്മു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേസ് ജമ്മു കശ്മീരിന് പുറത്തേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് അഭിഭാഷക അനുജ കപൂര്‍ വഴി സമര്‍പ്പിച്ച ഹര്‍ജിയും തനിക്കു സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത് നല്കിയ ഹര്‍ജിയുമാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്.
മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജയ്സിങ്ങാണ് ഇവര്‍ക്കായി സുപ്രിംകോടതിയില്‍ ഹാജരായത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പോലീസുകാരും സര്‍ക്കാരുദ്യോഗസ്ഥരുമടക്കം നിരവധി പേര് ദിവസങ്ങളോളം ക്ഷേത്രത്തലൊളിപ്പിച്ച് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നതിനെതിരെ ഹിന്ദു സംഘടനകളില്‍ നിന്ന് അഭിഭാഷക ദീപക് സിംഗ് രജാവത്തിനും കുടുംബത്തിനും ഭീഷണിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ജമ്മു സര്‍ക്കാരിന് നോട്ടീസ് അയച്ചത്. കേസിന്റെ വിചാരണ കശ്മീരിന് പുറത്തുള്ള ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കുട്ടിയ്ക്ക് വേണ്ടി നല്കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസയച്ചത്.






