
ന്യൂഡല്ഹി: പത്താന്കോട്ടില് തട്ടിയെടുത്ത കാറില് ആയുധങ്ങളുമായി അജ്ഞാതരായ രണ്ടു പേരെ കണ്ടുവെന്ന പ്രദേശവാസികളുടെ വെളിപ്പെടുത്തലിനെ തുടര്ന്ന് മേഖലയില് അതീവ ജാഗ്രത നിര്ദേശം. ഇന്ത്യന് വ്യോമസേന സ്റ്റേഷന് സമീപമാണ് രണ്ടു പേര് എത്തിയതെന്ന് പ്രദേശവാസികള് പറയുന്നു. 2016ല് തീവ്രവാദി ആക്രമണത്തിന് ഇരയായ വ്യോമതാവളമാണിവിടം.
സൈനിക വേഷത്തിലെത്തിയ രണ്ടു പേരെയാണ് ബുധനാഴ്ച രാത്രി ആയുധങ്ങഴുമായി സൈനിക താവളത്തിന് പരിസരത്ത് കണ്ടതെന്ന് നാട്ടുാര് പറയുന്നു. തട്ടിയെടുത്ത ഒരു മാരുതി സുസുകി ഓള്ട്ടോ കാറിലാണ് ഇവര് എത്തിയതെന്നും കാര് റോഡില് ഉപേക്ഷിച്ച് ഇവര് കടന്നുകളഞ്ഞുവെന്നും നാട്ടുകാര് പറയുന്നു. കാര് നഷ്ടപ്പെട്ടതായി ഉടമയും പരാതി നല്കിയിട്ടുണ്ട്.
ഇതോടെ വ്യോമതാവളത്തിന് സമീപം സുരക്ഷ ശക്തമാക്കിയ പോലീസ് ബാരിക്കേഡുകള് വച്ച് ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. വ്യോമതാവളത്തിന്റെ പരിസരത്ത് പരിശോധനയും നടത്തുന്നുണ്ട്.
2016 ജനുവരി രണ്ടിന് ഇതേ വ്യോമതാവളം ആക്രമിക്കപ്പെട്ടിരുന്നു. സുരക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്ന വെസ്റ്റേണ് എയര് കമാന്ഡിലെ ഏഴ് ജീവനക്കാര് ഏറ്റുമുട്ടലില് വീരമൃത്യൂവും വരിച്ചിരുന്നു.
ഇന്ത്യ-പാകിസ്യതാന് ബന്ധം കൂടുതല് വഷളാക്കിയ സംഭവമായിരുന്നു പത്താന്കോട്ടിലേയും ഉറിയിലേയും ആക്രമണങ്ങള്. ഇരുസംഭവങ്ങളിലും പാകിസ്താനിലെഭീകര സംഘടനകളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള് ഇന്ത്യ കൈമാറിയിരുന്നുവെങ്കിലും അവയെല്ലാം നിഷ്കരുണം തള്ളിക്കളയുകയാണ് ഇസ്ലാമാബാദ് ചെയ്തത്.







Comments