
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചുചേർത്ത വിവരം മാധ്യമ വാർത്തകളിലൂടെയാണ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംഭവത്തിൽ വിശദാംശങ്ങൾ തേടി ഇന്ന് രാവിലെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണറുടെ ഓഫീസുമായി ബന്ധപ്പെട്ടു. പ്രത്യേക യോഗമെന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചതെന്നും യോഗാദിനവുമായി ബന്ധപ്പെട്ട ആശയവിനിമയം മാത്രമാണ് നടന്നതെന്നും ഗവർണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു.
അതേസമയം, ഇത്തരമൊരു യോഗം ചേർന്നതിലുള്ള സർക്കാരിന്റെ അസംതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി ലോക്ഭവന് കത്ത് നൽകി. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സർക്കാരിന്റെ എക്സിക്യൂട്ടീവ് ചുമതലകളിൽപ്പെട്ടതാണെന്നും ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.






