തിരുവനന്തപുരം: തലസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഐറിഷ് യുവതി ലിഗയുടെ മരണം കൊലപാതകമായിരിക്കാമെന്ന നിഗമനത്തിലേക്ക് പോലീസ്. ലിഗയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നതായി പോലീസ്. പോലീസ് സര്ജന്മാരുടെ പ്രാഥമിക നിഗമനം ഇതാണെന്നും പോലീസ് കമ്മീഷണര്‍ ടി. പ്രകാശ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് എല്ലാ സാധ്യതകളും അന്വേഷിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ലിഗയ്ക്കെതിരെ മാനഭംഗ ശ്രമമുണ്ടായതായും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് സഹോദരങ്ങളടക്കം അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് തലേന്ന് കസ്റ്റഡിയിലായവരെ ഇവരെ കണ്ടതായി സാക്ഷി മൊഴി ലഭിച്ചിട്ടുണ്ട്.
ലിഗയുടേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാകാമെന്നും സഹോദരി തുടക്കം മുതല്‍ ആരോപിച്ചിരുന്നു. പ്രദേശത്തെ ലഹരി മരുന്ന് സംഘങ്ങളേടയും ചീട്ട് കളിക്കാനെത്തുന്നവരേയും പോലീസ് സംശയിക്കുന്നുണ്ട്. ലിഗ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തിയ വള്ളം നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
കസ്റ്റഡിയിലെടുത്ത അഞ്ചുപേരില്‍ നിന്നു അനേ്വഷണം ഒരാളിലേക്കു കേന്ദ്രീകരിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് കോവളം പൂനം പ്രദേശത്തു നിന്നു അപ്രത്യക്ഷനായ മധ്യവയസ്കനു വേണ്ടിയും തെരച്ചില്‍ തുടങ്ങി. കണ്ടല്‍ കാട്ടിലെ വള്ളികള്‍ ചേര്‍ത്തുകെട്ടി ഉണ്ടാക്കിയ കുരുക്ക് ഉപയോഗിച്ചു ലിഗയെ കൊലപ്പെടുത്തിയതെന്നാണു പോലീസ് സംശയിക്കുന്നത്. ഇക്കാര്യം മംഗളം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മയക്കുമരുന്നു സംഘത്തില്‍പ്പെട്ടയാളാണ് ലിഗയെ കാട്ടിനുളളിലേക്കു കൊണ്ടുവന്നതെന്നു പ്രത്യേക സംഘം സംശയിക്കുന്നു. ഒറ്റയ്ക്കെത്തുന്ന വിദേശികളെ ലഹരിവസ്തുക്കള്‍ നല്കി പാട്ടിലാക്കുന്ന സംഘത്തെക്കുറിച്ച് അനേ്വഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.






