
തിരുവനന്തപുരം: വിദേശവനിത ലിഗയെ മല്‍പിടിത്തത്തിനിടെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നെന്നു പ്രത്യേകാന്വേഷണസംഘം. കോവളം വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ രണ്ടു യുവാക്കളും ലിഗയും തമ്മില്‍ മല്പിടിത്തമുണ്ടായതായും കൊലപാതകശേഷം വള്ളികൊണ്ടു കുരുക്കിട്ട് ആറടിപൊക്കമുള്ള മരത്തില്‍ കെട്ടിത്തൂക്കിയെന്നുമാണു നിഗമനം. വള്ളിക്കുരുക്കില്നിന്നു മുടിനാര് കണ്ടെത്തി. മൃതദേഹത്തില്‍ അടിവസ്ത്രങ്ങളില്ലായിരുന്നു. ലെഗിന്‍സും ടീഷര്‍ട്ടുമായിരുന്നു വേഷം. ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാനാണു മരത്തില്‍ കെട്ടിത്തൂക്കിയത്.
പിന്നീടു മൃതദേഹം ജീര്‍ണിച്ച്, തലയറ്റു താഴെവീഴുകയായിരുന്നു. ലിഗയും മറ്റു രണ്ടുപേരും സഞ്ചരിച്ചതെന്നു സംശയിക്കുന്ന ഫൈബര്‍ ബോട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍നിന്നു വിരലടയാളവിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. വിഷാദരോഗത്തിനു ചികിത്സയിലിരിക്കേ തിരുവനന്തപുരം പോത്തന്‍കോട് ആശുപത്രിയില്‍നിന്ന് ഇറങ്ങിയ ലിഗ, നേരേ കോവളത്തേക്കാണു പോയത്. അവിടെ ലിഗയുമായി സൗഹൃദം സ്ഥാപിച്ച യുവാക്കള്‍ ബോട്ട് യാത്രയ്ക്കു പ്രേരിപ്പിച്ചു കൂട്ടിക്കൊണ്ടുപോയതാകാമെന്നു പോലീസ് സംശയിക്കുന്നു.
വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിനുള്ളില്‍ ഉപദ്രവിക്കാന്‍ നടത്തിയ ശ്രമം ലിഗ ചെറുത്തതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണു സൂചന. ഫോറന്‍സിക് പരിശോധനയുടെ സൂചനപ്രകാരം അന്വേഷണം പുരോഗമിക്കുകയാണെന്നു സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശ് പറഞ്ഞു ലിഗയെ ആളൊഴിഞ്ഞ തുരുത്തില് എത്തിച്ചതായി സംശയിക്കുന്ന രണ്ടുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. എന്നാല്‍, പുരുഷ ലൈംഗികത്തൊഴിലാളിയല്ല കൊലനടത്തിയതെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ഇന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ അന്വേഷണം നിര്ണായകഘട്ടത്തിലെത്തും. ലിഗയുടെ കൊലപാതകത്തില്‍ ലഹരിമരുന്ന് സംഘങ്ങള്‍ക്കു പങ്കുണ്ടെന്നു പോലീസ് സംശയിക്കുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നെന്നു പ്രദേശവാസിയായ തോണിക്കാരന് വെളിപ്പെടുത്തി. മൃതദേഹം കണ്ടെത്തിയതിന്റെ അടുത്തദിവസം മുതല്‍ പലരും ഒളിവില്‍പോയിട്ടുണ്ട്.






