
ന്യുഡല്‍ഹി: വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിക്കുകയും ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ ജെ.എന്‍.യുവിലെ മറ്റൊരു പ്രൊഫസര്‍ കൂടി വിവാദത്തില്‍. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാമതാണ് സമാനമായ കേസ് ഉണ്ടാകുന്നത്. നേരത്തെ എട്ട് വിദ്യര്‍ത്ഥിനികള്‍ നല്കിയ പരാതിയില്‍ പ്രൊഫ. അതുള് ജോഹ്രി എന്ന അധ്യാപകന് അറസ്റ്റിലായിരുന്നു.
സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ രജ്ബീര്‍ സിംഗിനെതിരെയാണ് പുതിയ ആരോപണം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354, 506 എന്നിവപ്രകാരം സിംഗിനെതിരെ ബുധനാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തു. ഫെബ്രുവരി ഒമ്പതിന് നല്കിയ പരാതിയിലാണ് മൂന്നു മാസത്തിനു ശേഷം കേസെടുത്തത്. എന്നാല്‍ അധ്യാപകന് ഇതുവരെ അറസ്റ്റിലായിട്ടില്ല.
ഫെബ്രുവരി ഒമ്പതിന് സര്‍വകലാശാലയില്‍ നടന്ന ഒരു സമരത്തിന് പിന്തുണ തേടി പരാതിക്കാരിയും സുഹൃത്തുക്കളും പ്രൊഫ. രജ്ബീര്‍ സിംഗിനെ സമീപിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികളോട് ദേഷ്യപ്പെട്ട പ്രൊഫ. രജ്ബീര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും വഴക്കിടുകയും പരാതിക്കാരിയായ പെണ്‍കുട്ടിയെ പിടിച്ചുതള്ളുകയുമായിരുന്നു. വളരെ സൗമ്യതയോടെയാണ് അധ്യാപകനോട് സംസാരിച്ചതെന്നും പെട്ടെന്ന് ദേഷ്യം വന്ന അദ്ദേഹം തന്നെ ആക്രമിക്കുകയായിരുന്നു. അടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു. തന്റെ മാറിടത്തില്‍ പിടിക്കുകയും ചെയ്തു. തന്നെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റുള്ളവരെയും അദ്ദേഹം അടിച്ചതായും പരാതിയില്‍ പറയുന്നു.
ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അധ്യാപകന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറയുന്നു.






