
ആലപ്പുഴ : വരാപ്പുഴയിലെ വീടാക്രമണ കേസില്‍ പ്രധാന പ്രതികളായ ശ്രീജിത്ത് എന്ന തുളസീദാസ്, കെ.ബി അജിത്ത്, വിബിന് എന്നിവരെ ആലുവ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം ഈ മാസം 11 വരെയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
കേസില്‍ ഒന്ന്, രണ്ട്, ആറ് പ്രതികളായ വിബിനും തുളസീദാസും അജിത്തും ശനിയാഴ്ച കോടതിയില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കുന്നതിന് ഉള്‍പ്പെടെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടേണ്ടതുണ്ടെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.
കേസിന് ആസ്പദമായ സംഭവം ഏപ്രില്‍ ആറിനായിരുന്നു. വരാപ്പുഴ ദേവസ്വംപാടത്തെ വാസുദേവന്റെ വീട് പ്രതികള്‍ ഉള്‍പ്പെടുന്ന സംഘം ആക്രമിക്കുകയായിരുന്നു. ഇതില്‍ മനംനൊന്ത് വാസുദേവന്‍ ജീവനൊടുക്കിയതോടെ പ്രതികള്‍ ഒളിവില്‍ പോയി. തൊടുപുഴ, കുടക് എന്നിവിങ്ങളിലൊക്കെയാണ് ഒളിവില്‍ കഴിഞ്ഞതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കേസിലെ മുഖ്യപ്രതികള്‍ ഒളിവില്‍ പോയെങ്കിലും പത്തോളം പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍, ഇവരില്‍ ഭൂരിഭാഗംപേരും നിരപരാധികളാണെന്ന് പിന്നീട് വ്യക്തമായി. ഇത്തരത്തില്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആന്തരികാവയവങ്ങളില്‍ ക്ഷതമേറ്റ് മരണത്തിന് കീഴടങ്ങിയിരുന്നു.






