
ആരോഗ്യാവബോധവും ചികിത്സാ സൗകര്യങ്ങളും വര്‍ധിച്ചിട്ടുണ്ടെങ്കിലും മലയാളി പൊണ്ണത്തടി എന്ന അനാരോഗ്യത്തിന്റെ രാജപാതയില്‍ തന്നെയാണ്. ഉയരത്തിനും പ്രായത്തിനും ആനുപാതികമായ ശരീരഭാരം നിലനിര്‍ത്തുകയെന്നത് ആരോഗ്യത്തിലേക്കുള്ള കുറുക്കുവഴിയാണ്.
ആധുനിക കണക്കുകള്‍ പ്രകാരം ഉത്തമമായ അനുപാതം ബി.എം.ഐ. 18.5 മുതല്‍ 24.9 വരെയാണ്. എന്നാല്‍ മിക്കവര്‍ക്കും ബി.എം.ഐ. 23-ല്‍ എത്തുമ്പോള്‍ തന്നെ ശാരീരിക ബുദ്ധിമുട്ടുകള്‍ തുടങ്ങുകയായി.
കാരണങ്ങള്‍
കൊഴുപ്പടങ്ങിയ ഭക്ഷണം, മധുരമേറിയ ശീതള പാനീയങ്ങള്‍, മദ്യം തുടങ്ങിയവയെല്ലാം ശരീരഭാരം വര്‍ധിക്കുന്നതിനുള്ള കാരണങ്ങളാണ്. മാത്രമല്ല വ്യായാമത്തിന്റെ കുറവും.
എന്നാല്‍, ഭക്ഷണത്തില്‍ ശ്രദ്ധിച്ചിട്ടും കൃത്യമായി വ്യായാമം ചെയ്തിട്ടും ശരീരഭാരം കൂടുന്നതായി പരാതിപ്പെടുന്നവര്‍ ഏറെയാണ്. വളരെയധികം ശ്രദ്ധിച്ചിട്ടും തൂക്കം കൂടുന്നതിനു പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്.
ഉറക്കക്കുറവ്
വിശ്രമാവസ്ഥയില്‍ ശരീരം നന്നായി പ്രവര്‍ത്തിക്കും. ആവശ്യത്തിന് ഉറക്കം കിട്ടാതെ വരുമ്പോള്‍ ശരീരത്തിന് ആയാസം അനുഭവപ്പെടുന്നു. കൂടാതെ അധികം കൊഴുപ്പ് സംഭരിക്കാനും ഇത് കാരണമാകുന്നു.
ക്ഷീണിച്ച അവസ്ഥയിലും മാനസിക സംഘര്ഷമുള്ളപ്പോഴും ഭക്ഷണം കഴിക്കാനുള്ള പ്രവണത കൂടുതലായിരിക്കും. ഇതു കൂടുതല്‍ കലോറി ശരീരത്തിലെത്തിക്കുകയും ഭാരം കൂടുകയും ചെയ്യുന്നു.
മാനസിക സംഘര്‍ഷം
ആധുനിക ജീവിതരീതി പിരിമുറുക്കം നിറഞ്ഞതാണ്. കൂടുതല്‍ പണം നേടാനുള്ള ശ്രമം, ജോലിയിലെ സങ്കീര്‍ണതകള്‍ ഇതെല്ലാം മനസ്വസ്ഥത നഷ്പ്പെടുത്തുന്ന സാഹചര്യങ്ങളാണ്. ഇത്തരം മാനസികാവസ്ഥ ശാരീരികമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു.
ശരീരം കൂടുതല്‍ ഊര്‍ജം സംഭരിക്കുകയും ചയാപചയ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും ചെയ്യുന്നു. തന്മൂലം കോര്‍ട്ടിസോണ്‍, പെപ്റ്റിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ അധികമായി ഉല്പാദിപ്പിക്കപ്പെടുന്നു.
മനഃസംഘര്‍ഷം ലഘൂകരിക്കാനുള്ള പ്രതിപ്രവര്‍ത്തനമെന്ന നിലയില്‍ അധികം ഭക്ഷണം കഴിക്കുന്നതു വയറിനു ചുറ്റും കൊഴുപ്പടിയാനും തടി കൂടാനും കാരണമാവുന്നു.






