
കൊച്ചി: അനുകൂലസാഹചര്യം നിലനിന്നിട്ടും റബര്‍ വിലകൂടുന്നില്ല. അസംസ്കൃത എണ്ണവിലയുടെ ഉയര്‍ച്ചയും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ടാപ്പിങ് കുറഞ്ഞ് ഉല്‍പ്പാദനം താഴുകയും ചെയ്തിട്ടും റബര്‍ വിലയില്‍ അതു പ്രതിഫലിക്കാത്തതില്‍ കര്‍ഷകര്‍ക്ക് അങ്കലാപ്പ്. എല്ലാക്കാലവും മേയിലാണു റബര്‍ വില ഏറ്റവും ഉയര്‍ന്നു നിന്നിട്ടുള്ളത്. ഇക്കുറി മഴ നേരത്തേ കടന്നുവന്നതോടെ ടാപ്പിങ് നിലച്ചു. ഉല്‍പ്പാദനം കുറഞ്ഞിട്ടും വില ഉയരുന്നില്ല. ഏറെ നാളായി ആര്.എസ്.എസ്. 4 റബറിനു വില കിലോക്ക് 120 ന് അടുത്തുനില്ക്കുകയാണ്.
അസംസ്കൃത എണ്ണവിലയുടെ ഉയര്‍ച്ചയ്ക്കൊപ്പം പ്രതികൂല സാഹചര്യം നേരത്തേ കണ്ട് മാസങ്ങളോളം ഉപയോഗിക്കാനുള്ള റബര്‍ ടയര്‍ കമ്പനികള്‍ സംഭരിച്ചുകഴിഞ്ഞതാണ് ആഭ്യന്തര റബര്‍ വിപണിക്കു തിരിച്ചടിയായിരിക്കുന്നത്. മൂന്നുമാസത്തേക്കുള്ള റബര്‍ ശേഖരം ടയര്‍ കമ്പനികളില്‍ ഉള്ളതായാണ് അറിയുന്നത്. അതുകൊണ്ട് ആഭ്യന്തര വിപണിയില്‍ ഉടനെയിറങ്ങി റബര്‍ വാങ്ങാനും അവര്‍ക്ക് ഉദ്ദേശമില്ല.
അസംസ്കൃത ഇന്ധനവില ഉയര്‍ന്നതോടെ ഇതിന്റെ ഉപോല്‍പ്പന്നം കൂടിയായ കൃത്രിമ റബറിനു വില കൂടുകയും ചെയ്തു. ഇതു ടയര്‍ നിര്‍മാതാക്കള്‍ക്കു തിരിച്ചടിയായിട്ടുണ്ട്. ടണ്ണിന് 1,600-1,700 ഡോളര്‍ വിലയുണ്ടായിരുന്ന കൃത്രിമ റബര്‍ വില 2,000 ഡോളറിലേക്കു കയറി. ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ കൃത്രിമ റബറിന്റെ ഇറക്കുമതിച്ചെലവും കൂടി. രാജ്യാന്തര വിപണിയില്‍ കൃത്രിമ റബറിനു വില കൂടുന്ന സാഹചര്യത്തില്‍ വിലകുറഞ്ഞുനില്ക്കുന്ന പ്രകൃതിദത്ത റബറിന് ആവശ്യക്കാര്‍ ഏറുകയും തന്മൂലം വില ഉയരുകയും ചെയ്യുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
ഡോളര്‍ വില കൂടിയത് റബര്‍ ഇറക്കുമതിച്ചെലവ് കൂട്ടും. തന്മൂലം ഇറക്കുമതി കുറയുകയും ആഭ്യന്തര റബര്‍ വില മെച്ചപ്പെടുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാല്‍, റബറിന്റെ വന്‍ ശേഖരമുള്ളതിനാല്‍ ടയര്‍ കമ്പനികള്‍ വിലകൂട്ടി വിപണിയില്‍നിന്നു റബര്‍ വാങ്ങുന്നില്ല.






