
കൊച്ചി: ഹൈക്കോടതിയിലെ നടപടിക്രമങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റീസ് ബി.കെമാല്‍പാഷ. അവധിക്കാല ബെഞ്ചിനു മുന്‍പ് ജഡ്ജിമാരുടെ പരിഗണനാവിഷയങ്ങള്‍ മാറ്റിയതില്‍ ബാഹ്യഇടപെടല്‍ ഉണ്ടെന്ന് ജനങ്ങള്‍ക്ക് സംശയം തോന്നിയാല്‍ അവരെ തെറ്റുപറയാനാവില്ല. അനവസരത്തില്‍ നടന്ന മാറ്റം ചട്ടങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണ്. സഭയുടെ ഭൂമി ഇടപാട് കേസില്‍ താന്‍ നടത്തിയ വിധിന്യായത്തില്‍ ഉറച്ചുനില്‍ക്കുന്നു. സിംഗിള്‍ ബെഞ്ചില്‍ ഇരുന്ന് താനെടുത്ത വിധി ശരിതന്നെയാണെന്നും വിരമിച്ച ശേഷം അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ തുറന്നടിച്ചു.
വിരമിച്ച ശേഷം ജഡ്ജിമാര്‍ പ്രതിഫലം പറ്റുന്ന സര്‍ക്കാര്‍ പദവികള്‍ ഏറ്റെടുക്കരുതെന്ന തന്റെ വിരമിക്കല്‍ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നു. മൂന്നു വര്‍ഷമെങ്കിലും കഴിഞ്ഞശേഷമേ പദവി ഏറ്റെടുക്കാവൂ. അപ്പോഴേക്കും സാഹചര്യം മാറും. സുപ്രീം കോടതിയില്‍ ഇരുന്ന ജഡ്ജിമാരായ എച്ച്.ഡി കപാഡിയയും ഠാക്കൂറും പറഞ്ഞത് അതേപടി പറയുകയാണ് ചെയ്തത്. അവര്‍ പറഞ്ഞില്ലെങ്കിലും താന്‍ ഇങ്ങനെയെ പ്രതികരിക്കൂ. മൂന്നു വര്‍ഷത്തേക്ക് ഒരു പദവിയും തനിക്ക് ഏറ്റെടുക്കാനാവില്ല. കേരളത്തില്‍ എന്തായാലും പദവി ഏറ്റെടുക്കില്ല. കേരള സര്‍ക്കാരിന് എതിരായും അനുകുലമായും വിധി പറഞ്ഞിരുന്നു. പദവി ഏറ്റെടുത്താന്‍ എന്തെങ്കിലും കണ്ടുകൊണ്ടുള്ള വിധയായിരുന്നു അതെന്ന് പറഞ്ഞേക്കും.
ഹൈക്കോടതി ജഡ്ജി പദവി വീതം വയ്പ്പല്ല. ജനങ്ങളുടെ ഇടയില്‍ കഴിയുള്ളവര്‍ ആയിരിക്കണം ജഡ്ജിമാര്‍ ആയി വരേണ്ടത്. നിയമത്തില്‍ സംവരണം പാടില്ല. ജാതി മത ഉപജാതികളുടെ പേരില്‍ വീതംവയ്പ് പറ്റില്ല. ഇപ്പോഴത്തെ ജഡ്ജിമാരുടെ ലിസ്റ്റ് പത്രങ്ങളില്‍ വന്നത് ശരിയാണെങ്കില്‍ അവരെ പലരേയും തിരിച്ചറിയാന്‍ പോലും കഴിയില്ല. പലരും ജഡ്ജിമാരുടെ മുന്നില്‍ വാദിക്കാന്‍ പോലും വന്നിട്ടില്ല.
വേനല്അവധിക്കു മുന്‍പ് ജഡ്ജിമാരുടെ ബെഞ്ച് മാറ്റിയത് പൊതുജനങ്ങളില്‍ സംശയം ജനിപ്പിച്ചുവെന്നത് ശരിയാണ്. പുതിയ ജഡ്ജിമാരുടെ നിയമനോ മറ്റോ വരുമ്പോഴാണ് സാധാരണയായി പരിഗണനാവിഷയങ്ങള്‍ മാറ്റുന്നത്. ഇവിടെ അതുണ്ടായിട്ടില്ല. കീഴ്വഴക്കങ്ങള് എതിരായി വന്നപ്പോള്‍ ജനങ്ങളെ സംശയിച്ചാല്‍ കുറ്റംപറയാനാവില്ല. എന്നാല്‍ തനിക്ക് സംശയമൊന്നുമില്ല. മാസ്റ്റര്‍ ഓഫ് ദ റോസ്റ്റര്‍ എപ്പോഴും ചീഫ് ജസ്റ്റീസ് ആണ്. എല്ലാത്തിനും ഉത്തരവാദി അദ്ദേഹമാണ്. ക്രിമിനല്‍ കേസുകളില്‍ നിന്ന് തന്നെ അപ്രതീക്ഷിതമായി മാറ്റിയപ്പോള്‍ ഒരു വിഷമവും തോന്നിയില്ല. കെമാല്‍പാഷയ്ക്ക് ഒരു പ്രശ്നവുമില്ല. എന്നാല്‍ കോടതിയുടെ നിഷ്പക്ഷതയില്‍ സംശയം തോന്നുന്നതില്‍ സങ്കടമുണ്ട്.
ഒരു കേസും കേള്‍ക്കാന്‍ ആഗ്രഹമില്ല. എന്നാല്‍ തന്റെ മുന്നില്‍ വരുന്ന ഒരു കേസും കേള്‍ക്കാതെ വിടുകയുമില്ല. ലാവ്ലിന് കേസ് തന്റെ ബെഞ്ചില്‍ നിന്ന് മാറ്റിയതില്‍ ഒരു അസ്വഭാവികതയും ഇല്ല.
സഭയുടെ കേസ് ചീഫ് ജസ്റ്റീസ് പരിഗണിച്ചതില്‍ തെറ്റില്ല. എന്നാല്‍ സഭയോട് അദ്ദേഹത്തിന് എന്തെങ്കിലും വിധേയത്വമുണ്ടെങ്കില്‍ അദ്ദേഹം കേസ് എടുക്കാന്‍ പാടില്ലായിരുന്നു. സഭ കേസില്‍ സിംഗിള്‍ ബെഞ്ചില്‍ ഇരുന്ന് താന്‍ എടുത്ത വിധി ശരിയാണ്. കര്‍ദ്ദിനാള്‍ എന്നല്ല, ഏതൊരു പൗരനും രാജ്യത്തെ നിയമമാണ് പ്രധാനം. കാനോന്‍ നിയമം എന്നല്ല, ഏതു വ്യക്തിക്കും ഇന്ത്യന്‍ പീനല്‍ കോഡാണ് പ്രധാനം. ഇന്ത്യയിലെ കോടതികളിലാണ് കേസ് പരിഗണിക്കുന്നതെന്നും ജസ്റ്റീസ് കെമാല്‍പാഷ പ്രതികരിച്ചു.
എന്നാല്‍ വിരമിച്ച ശേഷം ജഡ്ജി നടത്തിയ അഭിമുഖങ്ങള്‍ അനവസരത്തിലുള്ളതാണെന്നും പല കേസുകളിലും അദ്ദേഹം അവസരവാദ നിലപാട് സ്വീകരിച്ചിരുന്നുവെന്നും അഡ്വ.സെബാസ്റ്റിയന് പോള്‍ പറയുന്നു.






