
ന്യൂഡല്‍ഹി: തന്റെ പുതിയ ചുമതലയില്‍ വിവാദം വേണ്ടെന്ന് ഉമ്മന്‍ചാണ്ടി. ദേശീയതലത്തിലേക്ക് ഉയര്‍ത്തപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിക്കുമ്പോള്‍ തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് നേതാവിനെ മാറ്റിനിര്‍ത്തപ്പെടാനുള്ള സാധ്യതയാണോ എന്ന എ ഗ്രൂപ്പിന്റെ ആശങ്കയിലാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. പുതിയ ചുമതലയില്‍ നിയോഗിതനായ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നല്കിയ സ്വീകരണത്തിലാണ് പറഞ്ഞത്.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആന്ധ്രാപ്രദേശിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ചുമതലപ്പെടുത്തിയത്. ആന്ധ്രാപ്രദേശിന്റെ സംഘടനാ ചുമതലയില്‍നിന്നു ദ്വിഗ്വിജയ് സിങ്ങിനെ മാറ്റിയാണ് ഉമ്മന്‍ചാണ്ടിയെ ചുമതലയേല്‍പ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുനസംഘടിപ്പിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ ഉള്പ്പെടുത്തിയേക്കുമെന്നാണു സൂചന. നിലവില്‍ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിമാത്രമാണ് കേരളത്തില്‍നിന്നുള്ള പ്രവര്‍ത്തകസമിതിയംഗം.
കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കളോടു ദേശീയ നേതൃത്വനിരയിലേക്ക് വരാന്‍ രാഹുല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും പലരും താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ തീര്‍ത്തും അപ്രതീക്ഷിതമാണ് ഉമ്മന്‍ ചാണ്ടിയെ പുതിയ ചുമതല ഏല്‍പ്പിച്ചത്.
അതേസമയം ഉമ്മന്‍ ചാണ്ടി ദേശീയതലത്തിലേക്ക് ഉയര്‍ത്തപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിക്കുമ്പോള്‍ തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടാനുള്ള സാധ്യത എ ഗ്രൂപ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് തിരിച്ചുവന്ന് യു.ഡി.എഫ്. രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനുള്ള സാധ്യത തെളിയുമ്പോഴാണ് ഉമ്മന്‍ചാണ്ടിക്ക് അപ്രതീക്ഷിതദൗത്യം.
ടി.ഡി.പി- വൈ.എസ്.ആര് കോണ്‍ഗ്രസ് എന്നീ രണ്ടു പാര്‍ട്ടികള്‍ക്കിടയില്‍ കേന്ദ്രീകരിച്ച ആന്ധ്രാ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് പ്രസക്തി നഷ്ടപ്പെട്ട സാഹചര്യത്തിലാണു പാര്‍ട്ടിയുടെ തന്ത്രജ്ഞന്മാരിലൊരാളായ ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നിയോഗിക്കുന്നത്.
അടുത്തവര്‍ഷമാണ് ആന്ധ്രയില്‍ തെരഞ്ഞെടുപ്പ്.ദ്വിഗ്വിജയ് സിങ്ങിന്റെ സേവനങ്ങള്‍ക്ക് രാഹുല്‍ നന്ദി അറിയിച്ചു. ഗോവ, കര്‍ണാടക സംസ്ഥാനങ്ങളുടെ ചുമതലയില്‍നിന്ന് ദ്വിഗ്വിജയ് സിങ്ങിനെ മാറ്റിയാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് ചുമതല നല്‍കിയത്.






