
പയ്യന്നൂര്‍: ജാതിയും മതവും സ്ത്രീധനവും വേണ്ടെന്ന വിപ്ലവകരമായ തീരുമാനം മുന്നോട്ടുവെച്ച് മിശ്രവിവാഹത്തിന് യുവാക്കളുടെ നീണ്ടനിര. കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തില്‍ മിശ്രവിവാഹവേദിയാണ് പയ്യന്നൂരില്‍ ജാതി-മതരഹിത സ്ത്രീധനരഹിത വൈവാഹിക സംഗമം സംഘടിപ്പിച്ചത്. മിശ്രഭോജനത്തിന്റെ 101-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മിശ്ര വൈവാഹികസംഗമം നടന്നത്.
എണ്ണൂറിലേറെ യുവാക്കളുടെ നീണ്ടനിര ഉണ്ടായപ്പോള്‍ യുവതികളുടെ എണ്ണം 20 മാത്രമായിരുന്നു. പയ്യന്നൂര്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഞായാറാഴ്ച ആയിരുന്നു സംഗമം. പരമാവധി 150 ഓളം പേരെ പ്രതീക്ഷിച്ചിരുന്ന സംഘാടകരെ ഞെട്ടിച്ചുകൊണ്ട് യുവാക്കള്‍ ഒഴുകിയെത്തിയപ്പോള്‍ സംഘാടകരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചു.
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് 100 രൂപ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണമായിരുന്നു. സംഗമത്തില്‍ പരസ്പരം ഇഷ്ടപ്പെടുന്നവര്‍ തമ്മിലുള്ള വിവാഹക്കാര്യങ്ങള്‍ അവര്‍ക്കു തീരുഒമാനിക്കാം എന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. എന്നാല്‍ വധുക്കള്‍ ഇല്ലാതായതോടെ യുവാക്കള്‍ കുഴയുകയായിരുന്നു. ഇതിനിടെ ഏതാനും ചിലര്‍ സംഘാടകരെ ചോദ്യം ചെയ്യുകയും വാക്കു തര്‍ക്കത്തിനിടയാക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തിയാണ് തര്‍ക്കം പരിഹരിച്ച് യുവാക്കളെ പറഞ്ഞയച്ചത്. സംഗമത്തില്‍ പങ്കെടുക്കുന്നവരുടെ അപേക്ഷകള്‍ എന്ന വെബ്സൈറ്റില്‍ കൊടുത്തു അതില്‍ നിന്ന് പങ്കാളികളെ കണ്ടെത്താവുന്നതാണെന്നും സംഘാടകര്‍ വ്യക്തമാക്കി.






