
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും തട്ടിക്കൊണ്ടു ഐടി ഉദ്യോഗസ്ഥാനയ യുവാവിനെ ഏറ്റുമുട്ടലിലൂടെ പോലീസ് മോചിപ്പിച്ചു. രാജീവ് കുമാര്‍ എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും കാണാതാവുന്നത്. നോയ്ഡ് എച്ച്സിഎല്ലിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്.
അടുത്ത ദിവസം രാജീവിന്റെ പിറന്നാളായിരുന്നു. പിറന്നാളാഘോഷിക്കാനായി ഹരിദ്വാറിലേക്ക് പോകും വഴി രാജാനഗറില് നിന്നാണ് രാജീവിനെ കാണാതാവുന്നത്. ബസ്സില്‍ കയറാനിരിക്കെ ഒരു സംഘം എത്തി അദ്ദേഹത്തെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ഭാര്യയ്ക്ക് അദ്ദേഹത്തിന്റെ മൊബൈലില്‍ നിന്ന് സന്ദേശം ലഭിച്ചിരുന്നു. രാജീവിനെ തട്ടിക്കൊണ്ടു പോയതാണെന്നും 15 ലക്ഷം നല്കുകയാണെങ്കില് വിട്ടുതരാമെന്നുമായിരുന്നു സന്ദേശം. ഒരാഴ്ചത്തെ തിരച്ചിലിനൊടുവിലാണ് അവസാനം പോലീസിന്റെ പ്രത്യേക സേന അതിസാഹസികമായി രാജീവിനെ മോചിപ്പിച്ചത്.






