
കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ ഉള്‍പ്പെട്ട സി.എം.ആര്‍.എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ നിര്‍ണായകരേഖകള്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്‌റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇ.ഡി) കൈമാറി. എസ്.എഫ്.ഐ.ഒ. കുറ്റപത്രത്തിലെ 134 രേഖകളാണ് കൈമാറിയത്.
കമ്പനികാര്യ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഇ.ഡി. നല്‍കിയ അപേക്ഷയേത്തുടര്‍ന്നാണ് നടപടി. വീണയെ 29-ന് ഇ.ഡി. വീണ്ടും ചോദ്യംചെയ്യുന്നത് ഈ രേഖകളുടെ കൂടി അടിസ്‌ഥാനത്തിലാകും. വീണയെ കഴിഞ്ഞ 17-ന് ഇ.ഡി. ചോദ്യംചെയ്‌തപ്പോള്‍ പല രേഖകളും ഹാജരാക്കാന്‍ അവര്‍ കൂടുതല്‍ സാവകാശം തേടിയിരുന്നു. അന്ന് വീണ നല്‍കിയ അക്കൗണ്ട് വിശദാംശങ്ങളും കരാര്‍ രേഖകളും പരിശോധിച്ചതിന്റെ തുടര്‍ച്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കുകയും
ചെയ്‌തു. അറസ്‌റ്റ് നടപടികളിലേക്ക് ഇ.ഡി. കടക്കുമോയെന്ന് വ്യക്‌തമല്ല. 2024-ല്‍ അന്വേഷണമാരംഭിച്ചെങ്കിലും ഇ.ഡി. ഈ കേസില്‍ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. സി.എം.ആര്‍.എലിന്റെ തടസവാദങ്ങള്‍ തള്ളിയാണ് കേസിലെ നിര്‍ണായകരേഖകള്‍ കൈമാറാന്‍ കോടതി എസ്.എഫ്.ഐ.ഒയോട് നിര്‍ദേശിച്ചത്.






