
തിരുവനന്തപുരം: പ്രണയവിവാഹത്തെ തുടര്‍ന്ന് കെവിനെ ഇല്ലാതാക്കിയ സംഭവത്തില്‍ ഷാനുവും ചാക്കോയും ചേര്‍ന്ന് നീനുവിനുണ്ടായത് തീര്‍ത്താല്‍ തീരാത്ത നഷ്ടം. ജീവിതത്തില്‍ സ്നേഹം എന്തെന്ന് അറിഞ്ഞു തുടങ്ങിയപ്പോഴേയ്ക്കും എല്ലാം അവര്‍ തട്ടിത്തെറുപ്പിച്ചെന്ന് നീനു. അച്ഛനോ അമ്മയോ സഹോദരനോ തന്നെ സ്നേഹിച്ചിരുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കെവിനെ നിഷ്ഠൂരം കൊലപ്പെടുത്തിയതെന്ന് നീനു.
ഉറ്റവരെയും ഉടയവരെയും ജയിലിലാക്കുകയും ഒരു യുവാവിനെ കൊലയ്ക്ക് കൊടുക്കുകയൂം ചെയ്തവള്‍ എന്ന സാമൂഹ്യമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്നവരോട് ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെയാണ് നീനു തന്റെ കഥയും വീട്ടില്‍ താന്‍ നേരിട്ടിരുന്ന പീഡനവും ആദ്യം പറഞ്ഞത്. വീട്ടില്‍ കൊടും പീഡനമാണ് അനുഭവിച്ചിരുന്നത് സ്വന്തം വീട്ടിലെ കാര്യമായതിനാല്‍ പുറത്ത് പറയാനാകാതെ നീറി ജീവിച്ചു. രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരണം വെറുതെ വിടുകയായിരുന്നു.
കോട്ടയത്തേക്ക് വരികയും കെവിനെ പരിചയപ്പെടുകയും ചെയ്യുന്നതിന് മുമ്പ് കൈഞരമ്പ് മുറിച്ച് ആത്മഹത്യചെയ്യാനും ഒരു ശ്രമം നടത്തി. അതും വിജയിച്ചില്ല. മാതാപിതാക്കളുടെ ശകാരങ്ങള്‍ പലപ്പോഴും ദേഹോപദ്രവമായി മാറിയതോടെയാണ് മരണത്തെക്കുറിച്ചു ചിന്തിച്ചത്. കൈത്തണ്ടയില്‍ മുഴച്ചു നിന്ന പാടുകള്‍ എന്താണെന്ന് പലരും ചോദിച്ചെങ്കിലും വീട്ടുകാരെ ഒറ്റുകൊടുത്തില്ല. പകരം നുണകള്‍ പറഞ്ഞു പിടിച്ചു നിന്നു.
സഹോദരന് ഷാനുവുമായി മാനസീകമായി യാതൊരടുപ്പവും ഇല്ലായിരുന്നു. അച്ഛനുമായും അടുപ്പമുണ്ടായിരുന്നില്ല. ആറു വര്‍ഷമായി വിദേശത്തായിരുന്ന സഹോദരന് നാട്ടില്‍ വല്ലപ്പോഴും വരുമ്പോള്‍ മാത്രം സംസാരിക്കും. അച്ഛന് സ്നേഹിച്ചിരുന്നത് മുഴുവന്‍ ഷാനുവിനെയായിരുന്നു. ഇവര്‍ തമ്മിലായിരുന്നു പങ്കുവെയ്ക്കലുകളും ആശയവിനിമയങ്ങളും. കോട്ടയത്ത് ഹോസ്റ്റലില്‍ നിന്നും വല്ലപ്പോഴും അമ്മയെ വിളിച്ചാല്‍ ദേഷ്യപ്പെട്ടുകൊണ്ടായിരുന്നു സംസാരിച്ചിരുന്നത്.
ഒരു ദിവസം പോലും കൊല്ലത്തെ വീട്ടില്‍ സമാധാനമുണ്ടായിരുന്നില്ല. കുറ്റപ്പെടുത്തലുകള്‍ മാത്രമേ വീട്ടില്‍ നിന്നും കിട്ടിയിരുന്നുള്ളൂ. എപ്പോഴും പഴിയും പീഡനവും അടിയും ബഹളവുമായിരുന്നു. അയല്‍വാസികള്‍ കളിയാക്കാന്‍ തുടങ്ങിയതോടെ പുറത്തിറങ്ങാന്‍ കഴിയാതായി. ശകാരം ദേഹോപദ്രവമായി മാറിയതോടെയാണ് ഇനി ജീവിക്കേണ്ട എന്ന തോന്നല്‍ ഉണ്ടായത്. ഒരിക്കല്‍ വീട്ടില്‍ സമാധാനക്കേടാണെന്നും പീഡനമാണെന്നും കാണിച്ച് നീനുവിന്റെ അമ്മ രഹ്ന ചാക്കോയ്ക്കും നീനുവിനുമെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഇടപെട്ടാണ് പിന്‍വലിപ്പിച്ചത്.
ജീയോളജി പഠിക്കാന്‍ കോട്ടയത്ത് എത്തിയതും കെവിനെ പരിചയപ്പെടുകയും ചെയ്തതായിരുന്നു ജീവിതത്തിലെ ഏറ്റവും നല്ല കാലം. വീട്ടില്‍ കാര്യങ്ങള്‍ മോശമായപ്പോഴാണ് കോട്ടയത്തേക്ക് പഠിക്കാന്‍ പോന്നത്. ഹോസ്റ്റലിലെ പുതിയ കൂട്ടുകാരും അവരുടെ സ്നേഹവും നല്‍കിയത് പുതിയ അന്തരീക്ഷമായിരുന്നു. ഇതിനിടെയായിരുന്നു കെവിനുമായി പരിചയപ്പെട്ടത്. മൂന്ന് വര്‍ഷം നീണ്ട പ്രണയം റജിസ്റ്റര്‍ വിവാഹം വരെ എത്തിയെങ്കിലും ഒരു ദിവസം പോലും ഒരുമിച്ചുണ്ടാകാന്‍ അവസരം നല്‍കാതെ കെവിനെ വീട്ടുകാര്‍ തട്ടിപ്പറിച്ചെടുക്കുകയും ചെയ്തെന്ന് കെവിന്റെ വീട്ടിലിരുന്ന് പറഞ്ഞു.
പിന്നീട് ജാത്യാഭിമാന കൊലയെന്ന രീതിയില്‍ കെവിന് വധക്കേസ് വലിയ ചര്‍ച്ചയായതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ നീനുവിന് വലിയ വിമര്‍ശനമായിരുന്നു നേരിടേണ്ടി വന്നിരുന്നത്. ഇത്രയൂം നാള് വളര്‍ത്തിയ മാതാപിതാക്കളെയും സഹോദരനെയും ഇന്നലെ കണ്ട ഒരുത്തന് വേണ്ടി തള്ളിപ്പറഞ്ഞവള്‍ എന്ന രീതിയിലായിരുന്നു വിമര്‍ശനം. രൂക്ഷമായ പ്രതികരണങ്ങളായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ നിലര് നീനുവിന് നേരെ നടത്തിയത്. നീനുവിന് മാനസീകരോഗമാണെന്ന നിലയില്‍ പിതാവ് പ്രചരണം നടത്താന്‍ ശ്രമിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.






