ന്യൂഡല്‍ഹി: യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിനെതിരെ കോണ്‍ഗ്രസില്‍ കലാപം. സീറ്റ് വിട്ടു കൊടുത്തതിനെതിരെ തുറന്നടിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന് രംഗത്ത് വന്നു. ഗ്രൂപ്പ് നേതാക്കളുടെ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോള്‍ സംഭവിച്ചതെന്ന് പി.ജെ കുര്യന് പറഞ്ഞു. ഈ ഗൂഢനീക്കത്തിന്റെ മുഖ്യശില്‍പ്പി ഉമ്മന്‍ ചാണ്ടിയാണെന്നും പി.ജെ കുര്യന് പറഞ്ഞു.
അറിഞ്ഞു കൊണ്ട് തോറ്റു കൊടുത്തതാണ്. കോണ്‍ഗ്രസിന്റെ സീറ്റ് നഷ്ടപ്പെട്ടാലും ഗ്രൂപ്പ് നേതാക്കള്‍ക്ക് ഇഷ്ടമില്ലാത്ത ആള് രാജ്യസഭയിലേക്ക് പോകണ്ട. ചില ഗ്രൂപ്പ് നേതാക്കളുടെ അജണ്ടയാണ് നടപ്പിലാക്കുന്നത്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കാണാനാണ് ചിലരുടെ ആഗ്രഹം. തനിക്കെതിരെ യുവ എം.എല്‍.എമാര്‍ പ്രതികരിച്ചതും ഉമ്മന്‍ ചാണ്ടിയുടെ പ്രേരണ മൂലമാണെന്നും കുര്യന് തുറന്നടിച്ചു.
കേരള കോണ്‍ഗ്രസിന് സീറ്റ് അനുവദിച്ചതിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ം്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്. കോണ്‍ഗ്രസിന്റെ യുവ എം.എല്‍.എമാര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. തീരുമാനത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി സെക്രട്ടറി കെ. ജയന്ത് സ്ഥാനം രാജിവച്ചു. മറ്റ് നേതാക്കളും പ്രതിഷേധവുമായി രംഗത്ത് വരുന്നുണ്ട്.






