ന്യുഡല്‍ഹി: ഡല്‍ഹി ലഫ്. ഗവര്‍ണറും ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇഫ്താര്‍ വിരുന്നിലും. നിയമസഭാ സ്പീക്കര്‍ അനില്‍ രാം നിവാസ് ഗോയല്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ ലഫ്. ഗവര്‍ണര്‍ അനില്‍ ബയ്ജലിനെ ഒഴിവാക്കി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ രാജേന്ദ്ര പാല് ഗൗതം, ഇമ്രാന് ഹുസൈന് എന്നിവര്‍ക്കും ഭൂരിപക്ഷം എം.എല്‍.എമാര്‍ക്കും ക്ഷണമുണ്ടായിരുന്നു.
ഡല്‍ഹി നിയമസഭാ മന്ദിരത്തിന് സമീപത്ത് വച്ച് നടന്ന പരിപാടിയില്‍ ബി.ജെ.പി എം.എല്‍.എമാരും പങ്കെടുത്തില്ല. കഴിഞ്ഞ വര്‍ഷത്തെ ഇഫ്താര്‍ വിരുന്നില്‍ ഗവര്‍ണറെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല. അതുകൊണ്ടാണ് ഇത്തവണ ഗവര്‍ണറെ ഒഴിവാക്കിയതെന്ന് ഗോയല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പങ്കെടുക്കാതിരുന്നതിന്റെ കാരണം ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടില്ലെന്നും സ്പീക്കര്‍ വെളിപ്പെടുത്തി.
മുന്‍ ലഫ്. ഗവര്‍ണറുടെ കാലത്ത് തന്നെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കടുത്ത ഭിന്നതയിലായിരുന്നു. ഇപ്പോഴത്തെ ലഫ്. ഗവര്‍ണറും സ്പീക്കറും തമ്മില്‍ മാര്‍ച്ചിലെ ബജറ്റ് സമ്മേളനത്തോടെയാണ് ഇടയുന്നത്. എം.എല്‍.എമാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞാല്‍ അത് നല്കാന് പോലും തയ്യാറാകുന്നില്ലെന്ന് ഗോയല്‍ ആരോപിച്ചിരുന്നു.






