
തിരൂര്‍ : മലപ്പുറം തിരൂരില്‍ പോസ്റ്റോഫീസില്‍ സഹായം ചോദിച്ച് എത്തിയയാള്‍ ഓഫീസിലെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന നാലുലക്ഷം രൂപ കവര്‍ന്ന് രക്ഷപെട്ടു. തിരൂര്‍ ഈസ്റ്റ് ബസാര്‍ പോസ്റ്റോഫീസില്‍ ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. രാവിലെ ഓഫീസിലെത്തി ആര്.ഡി നിക്ഷേപം പിന്‍വലിച്ച ഇടപാടുകാരന് നല്കാന് സൂക്ഷിച്ചിരുന്ന രൂപയില്‍ നിന്നുള്ള നാലു ലക്ഷമാണ് നഷ്ടമായിരിക്കുന്നത്.
ഒരു മണിയോടെ ഭക്ഷണം കഴിക്കാനായി തയ്യാറാകുന്നതിനിടെ പാന്റ്സും ഷര്‍ട്ടും ധരിച്ചെത്തിയയാള്‍ ഊമയാണെന്ന രേഖകാട്ടി സഹായം തേടുകയായിരുന്നു. നാവ് പുറത്തേയ്ക്കിട്ട് സംസാരശേഷിയില്ലെന്ന് ആംഗ്യം കാട്ടിയ ഇയാള്‍ വരാന്തയില്‍ നിന്നും പെട്ടെന്ന് ഓഫീസിലേയ്ക്ക് കയറുകയായിരുന്നു. പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും തയ്യാറായില്ല.
സഹായം നല്‍കിയവരുടെ പേര് വിവരമെന്ന നിലയില്‍ വിവിധ തുകകള്‍ രേഖപ്പെടുത്തിയ പേപ്പറും കാണിച്ചു. 20 രൂപ എഴുതിക്കോളൂ എന്ന് പറഞ്ഞ് പണമെടുക്കാന്‍ പോസ്റ്റ്മോസ്റ്റര് മുറിയിലെ ബാഗിനടുത്തേക്ക് പോയപ്പോള്‍ ഇയാളും കൂടെ തനിക്കൊപ്പം എത്തുകയായിരുന്നുവെന്ന് പോസ്റ്റ് മാസ്റ്റര്‍ ഭാര്‍ഗവി പറയുന്നു. ബാഗില്‍ നിന്ന് പണമെടുത്ത് നല്‍കുന്നതിനിടെ പൊടുന്നനെ ഇയാള്‍ ഓടി മറയുകയായിരുന്നു. തുടര്‍ന്ന് പരിശോശന നടത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. രണ്ട് ലക്ഷം വീതമുള്ള 200 രൂപയുടെ രണ്ട് കെട്ടുകളാണ് നഷ്ടമായത്.തിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.






