ന്യൂഡല്‍ഹി: ഗോസംരക്ഷണത്തിന്റെ പേരില്‍ മുസ്ലീങ്ങളെ തല്ലിക്കൊന്ന അക്രമികളുടെ കോടതിചെലവ് വഹിക്കുമെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബേ. സുപ്രീം കോടതി വരെ പോകേണ്ടി വന്നാലും ഗോസംരക്ഷകരെ രക്ഷിച്ചെടുക്കുമെന്നും ദുബേ പറഞ്ഞു. ജാര്‍ഖണ്ഡില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് നിഷികാന്ത്. പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം രണ്ട് മുസ്ലീങ്ങളെ അക്രമികള്‍ തല്ലിക്കൊന്നിരുന്നു.
ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പേരില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ അന്യായമായി വേട്ടയാടുകയാണെന്നും അവര്‍ക്ക് വേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്നും നിഷികാന്ത് പറഞ്ഞു. ആ ഗ്രാമത്തിലുള്ള എല്ലാവരും ചേര്‍ന്നാണ് യുവാക്കളെ മര്‍ദ്ദിച്ചത്. എന്തിനാണ് ഈ നാല് പേരെ മാത്രം പ്രതിയാക്കിയതെന്നും നിഷികാന്ത് ചോദിച്ചു. ചാര്‍കു അന്‍സാരി (35), മൂര്‍ത്താസ അന്‍സാരി (30) എന്നീ യുവാക്കളെയാണ് അക്രമികള്‍ തല്ലിക്കൊന്നത്.
ജൂണ്‍ 13നായിരുന്നു സംഭവം. പശുക്കളെ നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച നാല് പേരെ മുഖ്യപ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.






