
ന്യൂയോര്‍ക്ക് : അമേരിക്കല്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തുടക്കമില്ല ആഗോള വ്യാപാര യുദ്ധത്തില്‍ ആടിയുലഞ്ഞ് യു.എസ് ബൈക്ക് ആഡംബര ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്. നിലവിലുള്ള നികുതി സംവിധാനം തുടരുന്ന പക്ഷം തങ്ങള്‍ക്ക് അമേരിക്കയില്‍ നിന്നും നിര്‍മ്മാണ യൂണിറ്റുകള്‍ യൂറോപ്പിലേയ്ക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും മാറ്റേണ്ടി വരുമെന്ന് ഹാര്‍ലി ഡേവിഡ്സണ് വ്യക്തമാക്കിയതോടെ ഇതര രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് വന്‍തോതില്‍ നികുതി കൂട്ടി തുടക്കം കുറിച്ച വ്യാപാര യുദ്ധം ട്രംപ് പ്രതീക്ഷിക്കാത്ത തലത്തിലേയ്ക്ക് എത്തി.
ട്രംപ് ഭരണകൂടം ഹാര്‍ലി ഡേവിഡ്സണ്‍ന്റെ അപ്രതീക്ഷിത നീക്കത്തില്‍ അമ്പരന്നിരിക്കുകയാണ്. ചൈന, യൂറോപ്യന്‍ യൂണിയന്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി കഴിഞ്ഞ ഒരു മാസമായി തുടരുന്ന നിയമ യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത് അമേരിക്കന്‍ ആഡംബര ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണാണ്. അമേരിക്കയ്ക്ക് പുറമേ ഓസ്ട്രേലിയ, ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളിലാണ് ഹാര്‍ലി ഡേവിഡ്സണിന് നിര്‍മ്മാണ യൂണിറ്റുകളുള്ളത്. ഇത് യൂറോപ്പിലേയ്ക്ക് കൂടി വ്യാപിപ്പിക്കുമെന്നാണ് കമ്പനി ഭീഷണി മുഴക്കിയിരിക്കുന്നത്.
അമേരിക്കന്‍ സെക്യൂരിറ്റീസ് എക്സേഞ്ച് കമ്മീഷന്റെ മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പുതിയ നികുതി യുദ്ധത്തെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന് തീരുവ ഉയര്‍ത്തിയതോടെ ആറു മുതല്‍ 31 ശതമാനം വരെ ബൈക്ക് വില ഉയര്‍ന്നിട്ടുണ്ടെന്ന് പറയുന്നു. പുതിയ ടാക്സ് ബാധ്യത ഒഴിവാക്കാന്‍ വേറെ മാര്‍ഗമില്ലെന്നും കമ്പനി പറയുന്നു. സംയമനം പാലിക്കണമെന്നാണ് ഇതിനോട് ട്രംപ് പ്രതികരിച്ചത്.






