ശ്രീനഗര്‍: കശ്മീരില്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ സഹോദരന് തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നു. കശ്മീര്‍ സര്‍വകലാശാല ക്യാംപസില്‍ നിന്ന് മെയ് 22ന് കാണാതായ ഷംസുല്‍ ഹഖ് മെംഗ്നൂ ആണ് ഹിസ്ബുളില്‍ ചേര്‍ന്നത്. യുവാവിന്റെ തോക്കേന്തിയ ചിത്രം ഹിസ്ബുള്‍ പുറത്തുവിട്ടു. 22ന് ക്യാംപസില്‍ നിന്ന് കാണാതായ ഷംസുല്‍ 25ന് ഹിസ്ബുളില്‍ ചേര്‍ന്നതായി സംഘടന സ്ഥിരീകരിച്ചു.
കശ്മീരിലെ സോപിയാന്‍ ജില്ലക്കാരനായ ഷംസുല്‍ ബാച്ചിലര്‍ ഓഫ് യുനാനി മെഡിസിന ആന്‍ഡ് സര്‍ജറി വിഭാഗത്തില്‍ വിദ്യാര്‍ത്ഥിയായിരുന്നു. ഷംസുലിന്റെ മൂത്ത സഹോദരന് ഇനാമുള്‍ ഹഖ് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2012 ബാച്ച് നോര്‍ത്ത് ഈസ്റ്റ് കേഡര്‍ ഉദ്യോഗസ്ഥനാണ് ഇനാമുള്‍. ഹിസ്ബുളില്‍ ചേര്‍ന്ന ഷംസുല്‍ സംഘടനയില്‍ ബര്‍ഹാന്‍ സാനി എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്. രണ്ട് വര്‍ഷം മുന്‍ ഇതേ ദിവസമാണ് ഹിസ്ബുളിന്റെ കമാന്‍ഡറായിരുന്ന ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്.
കശ്മീരില്‍ നിന്ന് തീവ്രവാദ സംഘടനകളില്‍ ചേരുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഇതുവരെ 50 യുവാക്കള്‍ തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നുവെന്നാണ് കണക്കുകള്‍ പലരും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. അതേസമയം ബര്‍ഹാന്‍ വാനിയുടെ രണ്ടാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കശ്മീരിലെ ത്രാള്‍ മേഖലയില്‍ നേരിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.
ബര്‍ഹാന്‍ വാനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് ത്രാളിലേക്ക് മാര്‍ച്ച് ചെയ്യാനൊരുങ്ങിയ യുവാക്കളെ സുരക്ഷാ സൈന്യം തടഞ്ഞു. ത്രാളില്‍ ശനിയാഴ്ച മുതല്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാനിയുടെ ജന്മഗ്രാമത്തിലേക്ക് മാര്‍ച്ച് ചെയ്യാനെത്തിയ യുവാക്കള്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ച് പിരിച്ചുവിട്ടു. വെള്ളിയാഴ്ച ബെംദൂര ഗ്രാമത്തില്‍ വാനിയുടെ ശവകുടീരത്തില്‍ എത്തിയ തീവ്രവാദികള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു.






