
മോസ്കോ: ലോകകപ്പിലെ ഏറ്റവും ആവേശകരമായ ആദ്യ സെമി പോരാട്ടത്തിനായി ഫുട്ബോള്‍ ലോകം. ഫ്രാന്‍സ്- ബെല്‍ജിയം നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ചില കണക്കുകളില്‍ ഫ്രഞ്ച് പട അസ്വസ്ഥരാകുന്നു. ഒരു തവണ ചാമ്പയന്മാരായ ഫ്രഞ്ച് പട നിലവില്‍ കരുത്തരാണ്. അതുകൊണ്ടു തന്നെ ഫ്രാന്‍സിനാണ് മത്സരത്തില്‍ മുന്‍തൂക്കവും.
ലോകകപ്പിലും അല്ലാതെയുമായി ഇരുവരും നേര്‍ക്കുനേര്‍ എത്തിയത് 73 തവണയാണ്. 73 ല്‍ 30 തവണയും ബെല്‍ജിയം ഫ്രാന്‍സിനെ തകര്‍ത്തു. ഫ്രാന്‍സ് 24 തവണ ജയിച്ചപ്പോള്‍ ബാക്കി 19 മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.
അതേസമയം ലോകകപ്പിന് രണ്ട് വട്ടമാണ് ഇവര്‍ പോരടിച്ചിട്ടുള്ളത്. രണ്ട് തവണയും വിജയം ഫ്രാന്‍സിനൊപ്പമായിരുന്നു എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഇതാണ് ഫ്രാന്‍സിന് ആശ്വാസമേകുന്ന ഘടകം. 1938 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട വിജയിച്ചത്. 1986 ല്‍ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള ഏറ്റുമുട്ടലില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ജയിച്ചത്.
അടുത്തിടെ നടന്ന 11 മത്സരങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോഴും ഫ്രാന്‍സിന് തന്നെയാണ് മുന്‍തൂക്കം. 11 ല്‍ 5 വിജയം ഫ്രാന്‍സ് നേടിപ്പോള്‍ ബെല്‍ജിയത്തിന് മൂന്ന് തവണയാണ് ജയിക്കാനായത്. പക്ഷെ ഏറ്റവും ഒടുവില്‍ നടന്ന പോരാട്ടത്തില്‍ വിജയിക്കാനായി എന്നതാണ് ബെല്‍ജിയത്തിന് ആത്മവിശ്വാസം നല്കുന്ന ഘടകം. 2015 ല്‍ നടന്ന അവസാന പോരാട്ടത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബെല്‍ജിയം ജയിച്ചത്.





