
സാന്‍ ഫ്രാന്‍സിസ്കോ: സ്വിറ്റ്സര്‍ലന്‍ഡിനെതിരേ നടന്ന ഫുട്ബോള്‍ ലോകകപ്പ് ബി ഗ്രൂപ്പ് മത്സരത്തില്‍ ആവേശ സമനില സ്വന്തമാക്കി ഖത്തര്‍. സാന്‍ഫ്രാന്‍സിസ്കോ ബേ അരീനയില്‍ നടന്ന മത്സരം 1-1 നാണ് അവസാനിച്ചത്്.
മത്സരത്തില്‍ ആദ്യം ഗോളടിച്ചത് സ്വിറ്റ്സര്‍ലന്‍ഡാണ്. ഖത്തര്‍ ഗോള്‍ കീപ്പര്‍ മഹ്മൂദ് അബുനാദ ഫ്രീലറിനെ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റി ഗോളാക്കി ബ്രീല്‍ എംബോളോയാണ് സ്വിസ് പടയെ മുന്നിലെത്തിയത്. ഫൗളാകുന്നതിനു മുമ്പ് ഫ്രീലര്‍ ഓഫ് സൈഡായിരുന്നെന്ന ഖത്തറിന്റെ വാദം റഫറി അംഗീകരിച്ചില്ല. വാര് പരിശോധിച്ച ശേഷമാണു പെനാല്‍റ്റി വിധിച്ചത്.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് ഖത്തര്‍ സമനില പിടിച്ചത്. മിറോ മുഹൈമിന്റെ സെല്‍ഫ് ഗോളാണ് ഖത്തറിനെ ഒപ്പമെത്തിച്ചത്. ഇഞ്ചുറി ടൈമില്‍ (95-ാം മിനിറ്റ്) സ്വിസ് ബോക്സില്‍ ലഭിച്ച പന്ത് ഖത്തര്‍ താരം ബൗലം ഖൗഖി ഹെഡ് ചെയ്തത് മുഹൈമിന്റെ തലയില്‍ തട്ടി വലയിലെത്തി. റിസര്‍വ് ബെഞ്ചിലിരുന്ന മലയാളി താരം തഹ്സിന് മുഹമ്മദ് കളിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചരിത്രം കുറിക്കാനായില്ല. സമനിലയിലൂടെ ഖത്തര്‍ ലോകകപ്പില്‍ തങ്ങളുടെ ആദ്യ പോയിന്റ് സ്വന്തമാക്കി. ഗോള്‍ വീണ നിമിഷം ജയിച്ചതു പോലെയാണ് ഖത്തര്‍ താരങ്ങള്‍ ആഘോഷിച്ചത്. ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് ശേഷം താരങ്ങളെല്ലാം ഗ്രൗണ്ടിലേക്ക് ഇരച്ചെത്തി. കോച്ച് ജൂലന്‍ ലോപെറ്റെഗിയും പേര് ചരിത്രത്തില്‍ കുറിച്ചു.
2022 ല്‍ സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പില്‍ ഖത്തര്‍ കളത്തിലിറങ്ങിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും തോറ്റ ടീം നോക്കൗണ്ട് കടന്നില്ല. മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും തോല്‍വി വഴങ്ങുന്ന ആദ്യ ആതിഥേയ രാജ്യമെന്ന ''റെക്കോഡും'' അന്ന് ഖത്തര്‍ സ്വന്തമാക്കി.






