
ന്യൂയോര്‍ക്ക്: അഞ്ചുവട്ടം ചാമ്പ്യന്മാരായ ബ്രസീലിന് ഈ ഫുട്ബോള്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സമനിലക്കുടുക്ക്. ന്യൂ ജഴ്സി സ്റ്റേഡിയത്തില്‍ നടന്ന സി ഗ്രൂപ്പ് മത്സരത്തില്‍ മൊറോക്കോ ബ്രസീലിനെ 1-1 നു തളച്ചു.
ഹെയ്തിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച സ്കോട്ട്ലന്‍ഡ് ഒന്നാം സ്ഥാനത്തെത്തിയത് വരും ദിവസങ്ങളില്‍ ബ്രസീല്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടും. ഡി ഗ്രൂപ്പ് മത്സരത്തില്‍ തുര്‍ക്കിയെ 2-0 ത്തിനു തോല്‍പ്പിച്ച് ഓസ്ട്രേലിയ ലോകകപ്പിലെ ആദ്യ അട്ടിമറിയും കുറിച്ചു. ബിസി പ്ലേസ് വാന്‍കൂവറില്‍ നടന്ന മത്സരത്തില്‍ ഓസീസിനായി നെസ്റ്റോറി ഇറാങ്കുണ്ടയും കോണര്‍ മെറ്റ്കാഫും ഗോളടിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ജയമാണിത്.
ബ്രസീല്‍ കോച്ച് കാര്‍ലോസ് ആന്‍സലോട്ടി ഒരുക്കിയ 4-4-2 ഫോര്‍മേഷനെ അടിമുടി വിറപ്പിക്കാന്‍ മൊറോക്കോയ്ക്കായി. മൊറോക്കോ കോച്ച് മുഹമ്മദ് ക്വാഭി ഇസ്മായില്‍ സായ്ബാറിയെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനാണു താല്പര്യപ്പെട്ടത്.
21-ാം മിനിറ്റില്‍ മൊറോക്കോയ്ക്കായി ഇസ്മായില്‍ സായ്ബാറിയും ബ്രസീലിനായി 32-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറും ഗോളടിച്ചു. സ്റ്റാര്‍ട്ടിങ് വിസിലിനു പിന്നാലെ ബ്രസീല്‍ ബോക്സിലേക്ക് മൊറോക്കന്‍ താരങ്ങളുടെ മുന്നേറ്റം തുടങ്ങി. ഗോള്‍ കീപ്പര്‍ അലിസണും മൊറോക്കന്‍ താരങ്ങളുടെ ദൗര്‍ഭാഗ്യവും കാരണം ഗോള്‍ വീണില്ല.
ബിലാല്‍ എല്‍ ഖാനൂസ്, അസെദിന്‍ ഒനാഹി, ബ്രാഹിം ഡിയാസ് എന്നിവര്‍ ഇരച്ചെത്തിയതോടെ ബ്രസീല്‍ പ്രതിരോധം സമ്മര്‍ദത്തിലായി. വൈകാതെ ഗോളുമെത്തി. സ്വന്തം ഹാഫില്‍നിന്നു ബ്രാഹിം ഡിയാസ് നല്കിയ ത്രൂബോളാണ് ഗോളിന് വഴിയൊരുക്കിയത്. ബ്രസീല്‍ ഡിഫന്‍ഡര്‍ ഗബ്രിയേല്‍ എത്തും മുമ്പ് പന്ത് റാഞ്ചിയ ഇസ്മായില്‍ സായ്ബാറി ഗോള്‍ കീപ്പര്‍ അലിസണിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലാക്കി. 29-ാം മിനിറ്റില്‍ ബ്രസീലുകാരെ ഞെട്ടിച്ച് മൊറോക്കോ വീണ്ടും ഗോളിലേക്ക്. മിന്നല്‍ വേഗത്തില്‍ പന്തുമായി ഓടിക്കയറിയ ബ്രാഹിം ഡിയാസിന്റെ ഷോട്ട് അലിിസണ് കഷ്ടപ്പെട്ടു കൈപ്പിടിയിലാക്കി. ഗോള്‍ വീണതോടെ ബ്രസീല്‍ ഉണര്‍ന്നു. ബ്രൂണോ ഗിമാറസുമൊത്ത് വിനീഷ്യസിന്റെ നീക്കം. ഇടതു വിങ്ങില്‍നിന്ന് പന്തുമായി കയറിയ വിനീഷ്യസ് പ്രതിരോധക്കാരോ ഗോള്‍ കീപ്പര്‍ യാസിനെ ബൗനുവോ പ്രതീക്ഷിക്കാത്ത ആംഗിളില്‍നിന്നു വലയിലേക്ക് പായിച്ചു. വിനീഷ്യസിന്റെ ബ്രസീലിനായുള്ള 10-ാം ഗോളായിരുന്നു അത്.
രണ്ടാം പകുതിയില്‍ ബ്രസീല്‍ കാസെമിറോയ്ക്ക് പകരം ഫാബീഞ്ഞ്യോയെയും ഇബാനെസിന് പകരം ഡാനിലോയെയും കളത്തിലിറങ്ങി. മൊറോക്കോ തുടര്‍ച്ചയായി ബ്രസീല്‍ പ്രതിരോധത്തെ പരീക്ഷിച്ചു. ബ്രസീല്‍ 4-2-3-1 ഫോര്മേഷന് 4-4-2 ലേക്ക് മാറ്റി. ബ്രസീലിനും മൊറോക്കോയ്ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല.
സമനില ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും ബ്രസീലിന് ലോകകപ്പിലെ ആദ്യ മത്സരങ്ങളിലെ അപരാജിത കുതിപ്പ് തുടരാനായി. 1934 ലോകകപ്പിലാണ് ബ്രസീല്‍ അവസാനം തങ്ങളുടെ ആദ്യ മത്സരം തോറ്റത്. സ്പെയിനിനോട് 3-1 നായിരുന്നു തോറ്റത്. ശേഷം നടന്ന ഒരു ലോകകപ്പിലും ബ്രസീല്‍ ആദ്യ മത്സരത്തില്‍ തോറ്റില്ല. 21 മത്സരങ്ങളില്‍ 17 ലും ടീം ജയിച്ചു. ബാക്കി നാല് മത്സരങ്ങള്‍ സമനിലയുമായി.






