
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ താരമായിരുന്ന കൈഫ് ദേശീയ ജേഴ്സിയില്‍ കളിച്ചത് 16 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മികച്ച ഫീല്‍ഡിങ്ങും, താഴ്ന്ന ഓര്‍ഡറിലെ മികച്ച ബാറ്റ്സ്മാനുമായിരുന്നു മുഹമ്മദ് കൈഫ്.
37 കാരനായ കൈഫ് ഇന്ത്യയ്ക്കു വേണ്ടി 13 ടെസ്റ്റ് മത്സരങ്ങളും, 125 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2002 ലെ നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലിലെ കൈഫിന്റെ 87 റണ്‍സിന്റെ നോട്ടൗട്ട് പ്രകടനമായിരുന്നു അവസാനത്തേത്. കളിക്കളത്തിലേക്ക് പിന്നീട് തിരിച്ചെത്താന്‍ കഴിയാതിരുന്ന കൈഫ് താന്‍ വിരമിക്കാന്‍ പോകുന്നുവെന്ന വിവരം ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സികെ ഖന്ന ചെയര്മാന് അമിതാഭ് ചൗധരി എന്നിവര്‍ക്ക് ഇ-മെയിലിലൂടെയാണ് അറിയിച്ചത്.
സൗത്ത് ആഫ്രിക്കയില്‍ നടന്ന ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു കൈഫ്. 2000 ലെ അണ്ടര്‍ 19 ജൂനിയര്‍ ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ ടീമില്‍ യുവ്രാജ് സിങ്ങിനൊപ്പം കൈഫിന്റേത് മികച്ച പ്രകടനമായിരുന്നു. 13 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 2753 റണ്‍സും 17 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. ദേശീയ ജേഴ്സിയില്‍ പിന്നീട് കൈഫ് തിളങ്ങിയില്ലെങ്കിലും ഉത്തര്‍പ്രദേശിനായി വീണ്ടും പാഡണിഞ്ഞിരുന്നു. 129 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നായി 15 സെഞ്ചുറികള്‍ ഉള്‍പ്പെടെ 7581 റണ്‍സ് നേടിയിട്ടുണ്ട്. നിലവില്‍ ക്രിക്കറ്റ് നിരീക്ഷകനും ഹിന്ദിയില്‍ കമന്റേറ്ററുമായി കൈഫ് ക്രിക്കറ്റ് ഫീല്‍ഡില്‍ നിറയുകയാണ്.






