
ന്യൂഡല്‍ഹി: ഒരു ലോകചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി സ്വര്‍ണ്ണമണിഞ്ഞ് ഇന്ത്യന്‍ അത്ലറ്റിക്സില് ചരിത്രമെഴുതിയ ഹിമാദാസിനെക്കുറിച്ച് ഗൂഗിളില്‍ വന്‍ തെരയല്‍. പക്ഷേ കൂടുതല്‍ ഉണ്ടായത് ഹിമയുടെ ജാതി അറിയാനായിരുന്നെന്ന് മാത്രം. ഹിമയുമായി ബന്ധപ്പെട്ട ഗൂഗിള്‍ തെരയല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഒരു ഇന്ത്യന്‍ താരത്തിന്റെ ലോകോത്തരനേട്ടം നാണക്കേടായി കൂടി പരിണമിച്ചത്.
മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ മുന്നിലുണ്ട്. ഐഎഎഎഫ് അണ്ടര്‍ 20 അത്ലറ്റിക്സില് 400 മീറ്ററില്‍ സ്വര്‍ണ്ണം നേടിയായിരുന്നു ലോക അത്ലറ്റിക് മീറ്റിലെ ആദ്യ സ്വര്‍ണ്ണജേതാവ് എന്ന നേട്ടത്തിന് ഹിമ അര്‍ഹയായത്. ഇതിന് പിന്നാലെയാണ് ഗൂഗിള്‍ നല്കുന്ന സജഷന്‍ റിപ്പോര്‍ട്ടില്‍ 'ഹിമാദാസ് കാസ്റ്റ്' എന്ന് കൂടി വന്നിരിക്കുന്നത്. കേരളം, കര്‍ണാടക, ഹരിയാന, ആസാം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഹിമയുടെ ജാതി ഏതെന്ന് അറിയാന്‍ തിടുക്കം. ലോകവേദിയില്‍ ദേശീയ പതാക ഉയര്‍ന്നതും ജനഗണമന കേട്ടതും ഏറെ അഭിമാനത്തോടെയായിരുന്നു എന്ന ഹിമയുടെ മുറി ഇംഗ്ളീഷിലുള്ള അഭിമുഖത്തെ പരിഹസിച്ചവര്‍ പോലും പിന്നീട് മാപ്പു പറഞ്ഞ് രംഗത്ത് വന്നിരുന്നു.
അതേസമയം താരത്തിന്റെ നേട്ടം കാണാതെ ജാതി ചോദിച്ച് ഗൂഗിളില്‍ ആള്ക്കാര് എത്തിയ വിവരം പുറത്തു വന്നതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഇന്ത്യാക്കാര്‍ ജാതി തിരയുന്ന ആദ്യ കായികതാരമല്ല ഹിമാദാസ്. നേരത്തേ പിവി സിന്ധുവിന്റെയും സാക്ഷി മാലിക്കിന്റെയുമെല്ലാം ജാതി തിരഞ്ഞ് ആള്ക്കാര് ഗൂഗിളില്‍ എത്തിയിരുന്നു.






