
പുതിയ ജിക്സര്‍ 250 -യെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. അടുത്തവര്‍ഷം ആദ്യപകുതിയില്‍ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. നെയ്ക്കഡ് ബൈക്ക് വിഭാഗത്തില്‍പ്പെടുന്ന ജിക്സര്‍ 250 -യെ ബജറ്റ് വിലയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. യമഹ FZ25 ആയിരിക്കും ഇന്ത്യയില്‍ വിപണിയില്‍ ജിക്സര്‍ 250 -യുടെ പ്രധാന എതിരാളി.
പ്രാരംഭ ടൂറിംഗ് ബൈക്കെന്ന വിശേഷണത്തോടെയാകും ജിക്സര്‍ 250 വിപണിയില്‍ എത്തുക. ഓയില്‍ കൂളിംഗ് സംവിധാനമുള്ള 250 സിസി എഞ്ചിനായിരിക്കും ജിക്സര്‍ 250 -യ്ക്ക് കമ്പനി നല്‍കുക. 22 മുതല്‍ 25 bhp വരെ കരുത്തുത്പാദനം എഞ്ചിന് അവകാശപ്പെടും. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്സ്. വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് വേണ്ടിയാണ് ഈ എഞ്ചിൻ.
സസ്പെന്ഷന് നിറവേറ്റാൻ മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറും ഉണ്ട്. ഇരുടയറുകളിലും ഡിസ്ക് ബ്രേക്കുകള്‍ ഒരുങ്ങും. ജിക്സര്‍ 150 -യുടെ ചാസി ഉപയോഗിക്കുമെങ്കിലും 250 സിസി എഞ്ചിനെ ഉള്‍ക്കൊള്ളാന്‍ അനിവാര്യമായ മാറ്റങ്ങള്‍ കമ്പനി വാഹനത്തിൽ വരുത്തും. ജിക്സര്‍ 250 -യുടെ പൂര്‍ണ ഫെയേര്‍ഡ് പതിപ്പ് പിന്നീട് വിപണിയില്‍ എത്തിയേക്കാം.






