
''ഒരു അണ്ഡവാഹിനിക്കുഴല്‍ (ട്യൂബ്) ഇല്ലെങ്കിലും രണ്ടാമത്തെ ട്യൂബ് നോര്മലാണെങ്കില് 60 ശതമാനം മുതല്‍ 80 ശതമാനം വരെ പ്രഗ്നന്‍സിക്ക് സാധ്യതയുണ്ട് ''
ട്യൂബല്‍ പ്രഗ്നന്‍സി എന്തുകൊണ്ട്?
എനിക്ക് 34 വയസ്. വിവാഹം കഴിഞ്ഞിട്ട് നാലു വര്‍ഷമായി. ഒന്നര വയസ് പ്രായമുള്ള കുഞ്ഞുമുണ്ട്. വിവാഹശേഷം ആദ്യഗര്ഭധാരണത്തിന് താമസം നേരിട്ടു. മാസങ്ങള്‍ നീണ്ട ചികിത്സയെത്തുടര്‍ന്നാണ് ഗര്‍ഭം ധരിക്കാനായത്. ഇപ്പോള്‍ വീണ്ടും ഗര്‍ഭം ധരിച്ചു. എന്നാല്‍ ഒരു മാസം കഴിഞ്ഞതോടെ ബ്ലീഡിംഗ് ഉണ്ടായി. ആശുപത്രിയില്‍ പോയി. കുഞ്ഞിന് ഹൃദയമിടിപ്പ് കുറവായിരുന്നു. അബോര്ഷന് നടത്തി. വീട്ടില്‍ തിരിച്ചെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ബുദ്ധിമുട്ട് ഉണ്ടായി. അസഹനീയമായ വയറു വേദനയായിരുന്നു. ആശുപത്രിയില്‍ സ്കാന്‍ ചെയ്തപ്പോള്‍ അണ്ഡവാഹിനിക്കുഴലില്‍ മറ്റൊരു ഭ്രൂണവും വളരുന്നതായി കണ്ടെത്തി. ഉടന്‍ സര്‍ജറി ആവശ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞു. എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത്. അണ്ഡവാഹിനിക്കുഴല്‍ മുറിച്ച് സര്‍ജറി നടത്തിയ എനിക്ക് വീണ്ടും ഗര്‍ഭധാരണം സാധ്യമാണോ?
----- സുനു മാണി , ചിറ്റൂര്‍
ട്യൂബല്‍ പ്രഗ്നന്സിയുണ്ടാകാ ന് പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണമെന്നില്ല. നേരത്തെ ട്യൂബല്‍ പ്രഗ്നന്സിയുണ്ടായവര്, വയറിനുള്ളില്‍ സര്‍ജറി ചെയ്തതിന്റെ ഫലമായി ഒട്ടിപ്പിടുത്തമുള്ളവര്, ട്യൂബില്‍ അണുബാധ ഉണ്ടായിട്ടുള്ളവര് എന്നിവര്‍ക്ക് ഈ തരത്തിലുള്ള പ്രഗ്നന്‍സി വരാനുള്ള സാധ്യത കൂടുതലാണ്.
ഒരു അണ്ഡവാഹിനിക്കുഴല്‍ (ട്യൂബ്) ഇല്ലെങ്കിലും രണ്ടാമത്തെ ട്യൂബിന് തകരാറൊന്നുമില്ലെങ്കില്‍ 60 ശതമാനം മുതല്‍ 80 ശതമാനം വരെ പ്രഗ്നന്‍സിക്ക് സാധ്യതയുണ്ട്. അതുകൊണ്ട് വീണ്ടുമൊരു ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് ഉണ്ടാകണമെന്നില്ല. ഡോക്ടര്‍ ഇക്കാര്യത്തില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും.
ആര്‍ത്തവത്തെക്കുറിച്ച് കുട്ടിയോട് പറയണം
എന്റെ മകള്‍ക്ക് 12 വയസ്. കുട്ടിക്ക് ശരീരത്തില്‍ പ്രായത്തിന്റേതായ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. വളരെ യാഥാസ്ഥിതിക കുടുംബമാണ് ഞങ്ങളുടേത്. അതിനാല്‍ കുട്ടിയോട് എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുന്ന രീതി പൊതുവേ ഇല്ല. മകള്‍ക്ക് ആര്‍ത്തവത്തെക്കുറിച്ച് യാതൊരു അറിവും ഇതുവരെയില്ല. എങ്ങനെയാണ് ഇതേക്കുറിച്ച് മകള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത്? ആര്‍ത്തവവുമായി ബന്ധപ്പെ കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതല്ലേ? എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണം?
------ നിമ്മി ഫ്രാന്‍സിസ് , അങ്കമാലി
കൗമാരത്തിലേക്ക് കടക്കുമ്പോള്‍ കുട്ടികള്‍ക്ക് തങ്ങള്‍ക്കുണ്ടാകാന്‍ പോകുന്ന ശാരീരികവും മാനസികവുമായ വ്യത്യാസങ്ങളെപ്പറ്റി കൃത്യമായ വിവരങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. ഇത് അവരെ ശാരീരികവും മാനസികവുമായി തയാറെടുപ്പിനും മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രിയമായി മനസിലാക്കുന്നതിനും സഹായിക്കും. ഇതുവഴി ഭയവും മാനസിക പിരിമുറുക്കവും ഒഴിവാക്കാന്‍ കഴിയുന്നു.
പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവത്തെക്കുറിച്ചും ആര്‍ത്തവം എന്തുകൊണ്ടുണ്ടാകുന്നുവെന്നും ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചുമെല്ലാം ഘട്ടംഘട്ടമായി പറഞ്ഞു കൊടുക്കണം. ആദ്യ ആര്‍ത്തവസമയം ഉണ്ടാകുന്ന ആശങ്കകളും ഭയവുമെല്ലാം ഒഴിവാക്കാന്‍ ഇതു കുട്ടികളെ വളരെയേറെ സഹായിക്കും.
ഗുഹ്യഭാഗത്ത് ദുര്‍ഗന്ധം
എനിക്ക് 24 വയസ്. വിവാഹം കഴിഞ്ഞിട്ട് ആറ് മാസം. വളരെ മനോവിഷമത്തോടെതാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. ഗുഹ്യഭാഗത്തെ ദുര്‍ഗന്ധമാണ് എന്നെ അലട്ടുന്ന പ്രശ്നം. വിവാഹശേഷം ഭര്‍ത്താവ് പരാതിപ്പെട്ടപ്പോഴാണ് ഞാന്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത്. രണ്ടുനേരം കുളിക്കുകയും ഗുഹ്യഭാഗത്തെ രോമം നീക്കം ചെയ്ത് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ട്. ഈ പ്രശ്നം ഞങ്ങളുടെ ലൈംഗിക ജീവിതത്തെയും ബാധിക്കുന്നുണ്ട്. എന്താണ് ഈ അവസ്ഥയ്ക്ക് പരിഹാരം? ഇത് രോഗമാണോ?
----- എസ്.വി.എസ് , നെടുമങ്ങാട്
കത്തില്‍ നിന്നും താങ്കള്‍ നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കുന്നു. ലൈംഗിക ജീവിതത്തില്‍ ശുചിത്വത്തിന് ഏറെ പ്രാധാന്യമാണുള്ളത്. പങ്കാളികളില്‍ വേണ്ടത്ര ശുചിത്വം ഇല്ലാതിരുന്നാല്‍ അത് ലൈംഗികതയെ സാരമായി ബാധിക്കും. എന്നാല്‍ നിങ്ങള്‍ ശരീരഭാഗങ്ങള്‍ വൃത്തിയായി സുക്ഷിക്കുന്നു. എന്നിട്ടും ദുര്‍ഗന്ധത്തിന് കുറവൊന്നുമില്ല. ഗുഹ്യഭാഗത്തെ അണുബാധയാവാം ഇതിനു കാരണം. അതിനാല്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തണം.
ആര്‍ത്തവകാലത്തെ ലൈംഗിക ബന്ധം
ഞാനൊരു ഐ.ടി ജീവനക്കാരിയാണ്. രാത്രിയും പകലും മാറി ഷിഫ്ടില്‍ ജോലി നോക്കുന്നു. ഭര്‍ത്താവിനും ഇതേ ജോലിയാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നരവര്‍ഷമായെങ്കിലും ഒരുമിച്ചുള്ള സമയം വളരെ കുറവാണ്. അതുകൊണ്ടുതന്നെ ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കുന്നത് വല്ലപ്പോള്‍ മാത്രമാണ്. ഇക്കാരണത്താല്‍ ഭര്‍ത്താവ് ആര്‍ത്തവ സമയത്ത് ബന്ധപ്പെടാന്‍ നിര്‍ബന്ധിക്കുന്നു. ആര്‍ത്തവ സമയം ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതില്‍ തെറ്റുണ്ടോ? ഈ സമയം കുട്ടികള്‍ ഉണ്ടാകാനുള്ള എന്തെങ്കിലും സാധ്യതകളുണ്ടോ?
----- എക്സ്. ജെ , കൊച്ചി
ആര്‍ത്തവകാലത്ത് ലൈംഗിക ബന്ധം ഒഴിവാക്കുന്നതാണ് നല്ലത്. ആര്‍ത്തവശുചിത്വത്തെ ബാധിക്കാമെന്നതിനാലാണ് ഈ സമയത്ത് ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് ഉചിതമല്ല എന്നു പറയുന്നത്. കൂടാതെ യോനിയിലെ രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന സമയമായതിനാല്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഈ സമയത്ത് ബന്ധപ്പെട്ടാല്‍ ഗര്‍ഭധാരണം സംഭവിക്കില്ല.
യോനിയില്‍ തടിപ്പും വേദനയും
എനിക്ക് 38 വയസ്. അവിവാഹിതയാണ്. ബാങ്കില്‍ ജോലിയാണ്. തടിച്ച ശരീരമാണ് എനിക്ക്. പത്തു വര്‍ഷമായി ഡിപ്രഷന് മരുന്ന് കഴിക്കുന്നുണ്ട്. എന്റെ യോനിയില്‍ വലിയെ കുരുകാണുന്നു. ഒരാഴ്ചയായി ഇത് കണ്ടുതുടങ്ങിയിട്ട്. വേദനയും നീരും ഉണ്ട്. മൂത്രമൊഴിക്കാനും ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ഇത് പഴുക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്താണ് ഇതിനു കാരണം? ഡോക്ടറെ കാണേണ്ടതുണ്ടോ? സര്‍ജറിയോ മറ്റോ വേണ്ടിവരുമോ?
---- സി.സി , മംഗലാപുരം
ഗുഹ്യഭാഗത്ത് ഉണ്ടായ കുരു ഗൗരവമുള്ളതല്ല. ഇത് അണുബാധയാകാനാണ് സാധ്യത. യോനിഭാഗത്തെ ഗ്രന്ഥികളില്‍ അണുബാധ ആയാല്‍ ഇതുപോലെ തടിപ്പും വേദനയുമുണ്ടാകാം. എന്തായാലും ഡോക്ടറെ കാണണം. ഡോക്ടര്‍ പരിശോധിച്ചുനോക്കി മരുന്നുകള്‍ തുടങ്ങാനും വേണ്ടി വന്നാല്‍ പഴുപ്പ് പൊട്ടിച്ചുവിടാനും സാധ്യതയുണ്ട്.
ഡോ. ദിവ്യ ജോസ്
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
സൈമര്‍ ഹോസ്പിറ്റല്‍, കൊച്ചി






