
മാരുതി സുസുക്കി വീണ്ടും സ്വിഫ്റ്റ്, ഡിസൈര്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു. 2018 മെയ് ഏഴിനും ജൂലായ് അഞ്ചിനുമിടയില്‍ നിര്‍മ്മിച്ച 566 സ്വിഫ്റ്റ് മോഡലുകളിലും 713 ഡിസൈര്‍ മോഡലുകളിലും പ്രശ്നസാധ്യതയുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
എയര്‍ബാഗിലെ നിര്‍മ്മാണപ്പിഴവാണ് മാരുതി കാറുകള്‍ തിരിച്ചുവിളിക്കാന്‍ കാരണം എന്നാണ് സൂചന. ഈ വര്‍ഷമിത് രണ്ടാംതവണയാണ് പുതുതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കുകളെ മാരുതി തിരിച്ചുവിളിക്കുന്നത്.
എന്നാൽ നിര്‍മ്മാണപ്പിഴവുള്ള എയര്‍ബാഗുകൾ കാരണം ഇതുവരെ ആര്‍ക്കെങ്കിലും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്കി കാറുകള്‍ തിരിച്ചുവിളിച്ചു പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചു. കാറുകളെ തിരിച്ചുവിളിച്ച് തകരാറുള്ള എയര്‍ബാഗ് കണ്ട്രോളര് യൂണിറ്റ് മാറ്റി നല്‍കാനാണ് മാരുതിയുടെ തീരുമാനം.
തകരാറുള്ള എയര്‍ബാഗ് കണ്ട്രോളര് യൂണിറ്റ് സൗജന്യമായി മാരുതി മാറ്റി നല്‍കും. ജൂലായ് 25 മുതല്‍ പരിശോധന ആവശ്യമുള്ള വാഹന ഉടമകളെ കമ്പനി ഡീലര്‍മാര്‍ നേരിട്ടു വിവരമറിയിക്കും.
കമ്പനിയുടെ വെബ്സൈറ്റില്‍ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (VIN) ഉപയോഗിച്ചു തിരിച്ചുവിളിച്ച കൂട്ടത്തില്‍ സ്വന്തം കാറുമുണ്ടോയെന്നു ഉടമകള്‍ക്കും പരിശോധിക്കാവുന്നതാണ്.






