
ബാല്ലിയ(ഉത്തര്‍പ്രദേശ്): വിവാദ പ്രസ്താവനയുമായി വീണ്ടും ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് രംഗത്ത്. ബലാത്സംഗ കേസുകള്‍ രാജ്യത്ത് വര്‍ദ്ധിക്കുന്നതിന് കാരണം മൊബൈല്‍ ഫോണും മാതാപിതാക്കളുമാണെന്നും, മൂന്നു കുട്ടികളുള്ള മാതാവിനെ ആര്‍ക്കും ബലാത്സംഗം ചെയ്യാന്‍ കഴിയില്ലെന്നുമുള്ള വിവാദ പ്രസ്താവനകള്‍ക്കു പിന്നാലെയാണ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്ര സിങ്.
കുഞ്ഞുങ്ങള്‍ ദൈവത്തില്‍ നിന്വനും ലഭിക്കുന്ന പ്രസാദമാണ്. അതിനാല്‍ ഓരോ ഹിന്ദു ദമ്പതികള്‍ക്കും കുറഞ്ഞത് അഞ്ചു കുട്ടികളെങ്കിലും വേണമെന്നാണ് സുരേന്ദ്ര സിങ് വാദം ഉയര്‍ത്തിയിരിക്കുന്നത്. രാജ്യത്ത് ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ എംഎല്‍എ പറഞ്ഞു.
ഹിന്ദുക്കള്‍ക്ക് കുറഞ്ഞത് അഞ്ചു കുട്ടികള്‍ വേണം. രണ്ടു കുട്ടികള്‍ പുരുഷനും, രണ്ടു കുട്ടികള്‍ സ്ത്രീക്കും അഞ്ചാമത്തേത് അധികമായും ആ കുടുംബത്തില്‍ ഉണ്ടാകണം. കുഞ്ഞിന് ജന്മം നല്‍കുക എന്നത് ദൈവത്തില്‍ നിന്നുള്ള പ്രസാദമാണ്. ഇന്ത്യ ശക്തമാകണമെങ്കില്‍ ഹിന്ദുക്കള്‍ ശക്തരാകണം. ഹിന്ദു ബലഹീനമാകുന്നിടത്ത് രാജ്യവും ബലഹീനമാകുമെന്നും അഭിമുഖത്തിനിടെ സുരേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ പാക്കിസ്ഥാനികളാണെന്ന പ്രസ്താവന വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാളും നല്ലത് വേശ്യകളാണെന്നും ഉള്‍പ്പെടെ നിരവധി പ്രസ്താവനളുടെ സൃഷ്ടാവാണ് സുരേന്ദ്ര സിങ്.






