
ടെഹ്‌റാൻ: അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ അനുശോചന ചടങ്ങ് ശനിയാഴ്ച മഗ്രിബ്, ഇഷാ നമസ്‌കാരങ്ങൾക്ക് ശേഷം പവിത്ര നഗരമായ കോമിൽ വെച്ച് നടക്കും. പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാതിരുന്ന മൊജ്തബ ഖമനേയി ഈ ചടങ്ങിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ. ശനിയാഴ്ച കോമിലെ ഹസ്രത്ത് മസൂമേ തീർത്ഥാടന കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിന് മൊജ്തബ നേതൃത്വം നൽകുമെന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നീം റിപ്പോർട്ട് ചെയ്യുന്നത്.
ഖമനേയിയുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെയാണ് അനുശോചന യോഗം ചേരുന്നത്. എന്നാൽ, ഖമനേയിയുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട മകൻ മൊജ്തബ ഖമനേയി ഈ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്.
ആയത്തുള്ള അലി ഖമനേയിയുടെ പിൻഗാമിയായി കഴിഞ്ഞ മാർച്ച് ആദ്യവാരമാണ് ഒരു പുരോഹിത കൗൺസിൽ മൊജ്തബ ഖമനേയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്. ഫെബ്രുവരി 28-ന് നടന്ന സൈനിക ആക്രമണത്തിലാണ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. എന്നാൽ, യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം മൊജ്തബ ഖമനേയി ഇതുവരെ പൊതുവേദിയിൽ വന്നിട്ടില്ല. ഈ കാലയളവിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ ഓഡിയോ സന്ദേശങ്ങളോ ഔദ്യോഗിക ചാനലുകൾ പുറത്തുവിട്ടിട്ടുമില്ല.
ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട അതേ സൈനിക ആക്രമണത്തിൽ മൊജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതായി ടെഹ്‌റാനിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ മുഖത്തിന് വൈരൂപ്യം സംഭവിക്കുകയും കൈകാലുകൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ പരിക്കുകളിൽ നിന്ന് അദ്ദേഹം പൂർണ്ണമായി മുക്തനായിട്ടില്ലെന്നും, കൂടാതെ യുഎസിന്റെ ഭാഗത്തുനിന്ന് വീണ്ടും സൈനിക നടപടിയുണ്ടാകുമെന്ന ആശങ്കയുള്ളതിനാൽ ഇറാന്റെ രഹസ്യാന്വേഷണ ഏജൻസികൾ അദ്ദേഹത്തിന് കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണെന്നും പറയപ്പെടുന്നു.
ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകൾക്കും അനുശോചന ചടങ്ങുകൾക്കും ശേഷം ആയത്തുള്ള അലി ഖമനേയിയുടെ ഭൗതികശരീരം വെള്ളിയാഴ്ച പുലർച്ചെ മഷാദിലെ ഇമാം റെസ തീർത്ഥാടന കേന്ദ്രത്തിൽ സംസ്‌കരിച്ചു. ഇറാനിലും ഇറാഖിലുമായി നടന്ന വിലാപയാത്രകളിൽ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഖമനേയിയുടെ കൂടെ ഒരേ ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബത്തിലെ മറ്റ് നാല് അംഗങ്ങളെയും ഒപ്പമാണ് സംസ്‌കരിച്ചത്. കഴിഞ്ഞ മാസം ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാർ നിലനിൽക്കുന്നുണ്ടെങ്കിലും യുഎസും ഇറാനും തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ചടങ്ങുകൾ നടന്നത്.






