
ആധാറുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളാണ് ഇപ്പോൾ വാർത്ത. കുറച്ചു ദിവസം മുമ്പുണ്ടായ ട്രായ് ചെയർമാൻ ആർ എസ് ശർമയുടെ ആധാർ നമ്പറുമായി ബന്ധപ്പെട്ട പോസ്റ്റിനും വിവാദങ്ങൾക്കും ശേഷം വീണ്ടും ആധാറും UIDAIയും വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ആധാർ UIDAI ഹെല്പ്ലിനെ നമ്പർ എന്ന രീതിയിൽ ഒരു എമർജൻസി നമ്പർ ഇന്ത്യയിലെ ലക്ഷക്കണക്കിന് സ്മാർട്ഫോൺ ഉപഭോക്താക്കളുടെ ഫോണുകളിൽ തനിയെ സേവ് ആയിട്ടുണ്ട്.
എങ്ങനെ ഈ നമ്പർ ഉപഭോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിൽ തനിയെ സേവ് ആയി എന്ന ചോദ്യം മുമ്പ് ആധാറിലെ അടക്കം നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ള ഫ്രഞ്ച് എത്തിക്കൽ ഹാക്കർ എല്ലിയറ്റ് അൽഡേഴ്സൻ ട്വിറ്ററിൽ ചോദിച്ചതോടെയാണ് പ്രശ്നം രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
"പല നെറ്റ്വർക്കുകൾ ഉപയോഗിക്കുന്ന, ആധാർ കാർഡ് ഉള്ളവരും ഇല്ലാത്തവരുമായ, mAadhaar ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തവരും അല്ലാത്തവരുമായ എല്ലാ ആളുകളുടെയും ഫോണിൽ കോൺടാക്ട് ലിസ്റ്റിൽ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ഈ നമ്പർ എങ്ങനെ സേവ് ആയി എന്നത് വിശദീകരിക്കാമോ" എന്നാണ് എല്ലിയറ്റ് ട്വിറ്ററിൽ ചോദിച്ചിരിക്കുന്നത്.
ഒട്ടുമിക്ക എല്ലാ ആളുകളുടെയും ഫോണുകളിൽ 1800-300-1947 എന്ന നമ്പർ ആണ് തനിയെ സേവ് ആയിട്ടുള്ളത്. നിങ്ങളുടെ ഫോണിലും ഈ നമ്പർ സേവ് ആയിട്ടുണ്ടോ എന്ന് കാണാനായി UIDAI എന്നോ അല്ലെങ്കിൽ ഈ നമ്പറോ കൊടുത്ത് കോൺടാക്ട് ലിസ്റ്റിൽ സെർച്ച് ചെയ്താൽ മതി. എന്നാൽ ഈ നമ്പർ തെറ്റാണ് എന്നും ഇത് തങ്ങളുടെ നമ്പർ അല്ല എന്നുമാണ് UIDAI പറയുന്നത്.
നെറ്റ്വർക്ക് ദാദാക്കളോടോ ഫോൺ നിർമ്മാതാക്കളോടോ UIDAI ഇങ്ങനെയൊരു സംവിധാനം ഫോണിൽ ചെയ്തുവെക്കാൻ ആവശ്യപ്പെട്ടിട്ടുമില്ല എന്നും UIDAI പറഞ്ഞു. 1947 ആണ് UIDAI യുടെ യഥാർത്ഥ ഹെൽപ്പ് ലൈൻ നമ്പർ. അത് കഴിഞ്ഞ രണ്ടുവർഷമായി പ്രശ്നങ്ങളില്ലാതെ പ്രവർത്തിക്കുന്നുമുണ്ട്. ഒരു ടെലികോം കമ്പനിയും വിഷയത്തിൽ ഇതുവരെ പ്രതികരണവുമായി എത്തിയിട്ടില്ല.






