
റായ്പൂര്‍: ഷെല്‍ട്ടര്‍ ഹോമിലെ ഇരുട്ടുമുറിയില്‍ കെട്ടിയിട്ട 18 പശുക്കള്‍ ശ്വാസംമുട്ടി ചത്തു. ഛത്തീസ്ഗഢിലെ ബലോഡബസാര്‍ ജില്ലയില്‍ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഷെല്ട്ടര്ഹോമിലാണ് മിണ്ടാപ്രാണികള്‍ക്ക് അതിദാരുണ ദുരന്തം തേടിയെത്തിയത്.
റോഹസി ഗ്രാമത്തില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച ചത്ത 18 പശുക്കളുടെയുടെയും അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി ബലോഡബസാര്‍ കളക്ടര്‍ ജനക് പ്രസാദ് പതക് അറിയിച്ചു. സംസ്ഥാന തലസ്ഥാനനഗരിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമപ്രദേശത്ത് ചത്ത പശുക്കളെ മറവു ചെയ്യാന്‍ പോകുന്നതിനിടെയാണ് ലോക്കല്‍ അധികാരികള്‍ക്ക് വിവരം കിട്ടുകയും അതിദാരുണ സംഭവം പുറത്താകുകയും ചെയ്തത്.
ഒരു മുറിയില്‍ ഒന്നിച്ചു കെട്ടിയിട്ടതോടെയാണ് പശുക്കള്‍ ശ്വാസം മുട്ടി ചത്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. പാടത്ത് കന്നുകാലികള്‍ കയറ ി കൃഷികള്‍ നശിപ്പിക്കുന്നുവെന്ന് ഗ്രാമവാസികള്‍ പരാതി ഉയര്‍ത്തിയതോടെ ചുറ്റിക്കറങ്ങി നടക്കുന്ന പശുക്കളെ പിടികൂടി ഷെല്‍ട്ടര്‍ ഹോമില്‍ കെട്ടിയിടുകയായിരുന്നു. 18 എണ്ണത്തിനെ മുറിയിലിട്ട് പൂട്ടുകയും ബാക്കിയുള്ളവയെ പുറത്ത് കെട്ടിയിടുകയുമായിരുന്നു. എന്നാല്‍ പശുക്കളുടെ ഉടമകള്‍ ഇവയെ തേടിയെത്താതായതോടെ ഇവയ്ക്കു ഭക്ഷണവും വെള്ളവും കൊടുക്കാന്‍ കെട്ടിയിട്ടവര് ബുദ്ധിമുട്ടി. തുടര്‍ന്ന് പുറത്തുനിന്നവയെ അഴിച്ചുവിട്ടു. എന്നാല്‍ മുറിയില്‍ കിടന്നതിനെ ആരും ശ്രദ്ധിക്കാതെ വന്നതോടെ ദുരന്തം സംഭവിക്കുകയായിരുന്നു.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മുറിയില്‍ നിന്ന് ചീഞ്ഞ മണം വന്നതോടെയാണ് പശുക്കളെ പിടികൂടിയ സംഘം വിവരം അറിഞ്ഞത്. ഇതോടെ ട്രാക്ടറുകളില്‍ ചത്ത പശുക്കളെ മറവുചെയ്യാനായി കൊണ്ടുപോയതോടെ അധികാരികളെ ചിലര്‍ വിവരം അറിയിക്കുകയായിരുന്നു. പശുക്കളെ പോസ്റ്റ്മോര്‍ട്ടം നടത്തിയതിനു ശേഷം ഇവയെ മറവു ചെയ്തുവെന്നും പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ പിടിപെടാതിരിക്കാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചുവെന്നും കളക്ടര്‍ അറിയിച്ചു. കളക്ടര്‍ അന്വേഷണത്തിനു ഉത്തരവിട്ടു.





