
പട്ടാമ്പി: ദുരിത ജീവിതത്തിനിടയിലും സ്വപ്ന നേട്ടത്തിന്റെ സന്തോഷത്തിലാണ് ദുര്ഗ മാധവ്. ഈ മാസം ശ്രീലങ്കയിലെ കോളമ്പോയില് നടന്ന ഇന്റര്നാഷണല് ഇന്ഡോ ശ്രീലങ്കന് വുഷു ചാമ്പ്യന്ഷിപ്പില് വുഷു സംഗ്ഷു (ബോക്സിങ്) 56 കിലോ സീനിയര് വിഭാഗത്തില് ഇന്ത്യയെ പ്രതിനിധികരിച്ച് പങ്കെടുത്താണ് ദുര്ഗ സ്വര്ണം നേടിയത്. നഗലശ്ശേരി പഞ്ചായത്തിലെ ആട്ടംകുന്നത്ത് വീട്ടില് മാധവന്റെയും ബീനയുടെയും മകളാണ് ദുര്ഗ. പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. കോളജിലെ രണ്ടാം വര്ഷ ബി.എസ്.സി. വിദ്യാര്ഥിനിയാണ്.
എട്ടാം ക്ലാസില് പഠിക്കുമ്പോഴാണ് വുഷു പരിശീലനം തുടങ്ങുന്നത്. ജില്ലാ സംസ്ഥാന മത്സരങ്ങളില് പങ്കെടുത്ത് നിരവധി സമ്മാനങ്ങള് നേടിയിട്ടുണ്ട്. ആദ്യമായാണ് അന്താരാഷ്ര്ട തലത്തില് പങ്കെടുക്കുന്നത്. പ്ലസ് ടു വിദ്യാര്ഥിയായ സഹോദരന് വിഷ്ണുവും ഇപ്പോള് ദുര്ഗകൊപ്പം വുഷു അഭ്യസിക്കുന്നുണ്ട്. പോലീസ് ഇന്സ്പെക്ടര് ആവാനാണ് ദുര്ഗയുടെ മോഹം.
എന്നാല് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബത്തിന് വുഷു പഠനം തന്നെ മുന്നോട്ട് കൊണ്ടുപോകാനാവാത്ത സ്ഥിതിയാണ്. കൂലിപ്പണിക്കാരനായ മാധവന്റെയും തൈയ്യല് തൊഴിലാളിയായ ബീനയുടെയും തുച്ഛമായ വരുമാനത്തിലാണ് കുടുംബം മുന്നോട്ടുപോകുന്നത്. കോളജിലെ സഹപാഠികളുടെയും നാട്ടിലെ സുമനസുകളുടെയും എം.എല്.എയുടെയും സഹായത്തോടെയാണ് ശ്രീലങ്കയിലേക്ക് പോകാന് സാധിച്ചത്. സ്വന്തമായൊരു വീട് എന്ന സ്വപ്നവും ഇതുവരെ പൂര്ത്തിയായിട്ടില്ല. ഒന്പതു വര്ഷം മുന്പ് കാക്കാരത് പടിയില് സ്ഥലം വാങ്ങി വീട് പണി ആരംഭിച്ചെങ്കിലും പ്രാരാബ്ദം മൂലം പണി പാതിവഴിയിലായി. നിലവില് ഇവര് താമസിക്കുന്നത് തറവാട്ടുവീട്ടിലാണ്. കുടിവെള്ളത്തിനായി 300 മീറ്ററോളം നടക്കേണ്ടതും പ്രദേശത്തേക്ക് വഴി ഇല്ലാത്തതും ഇവര് നേരിടുന്ന പ്രശ്നങ്ങളാണ്. നിരവധി തവണ പഞ്ചായത്തിലും മറ്റും പരാതി നല്കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.







Comments