കോട്ടയം: ജാതി അഭിമാനത്തിന്റെ പേരില്‍ ദളിത് യുവാവ് കെവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന് ഷാനു ചാക്കോ അടക്കം 12 പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. നീനുവിന്റെ പിതാവ് ചാക്കോയ്ക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഷാനു ചാക്കോയും സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ ഓടിച്ചു പുഴയില്‍ ചാടിക്കുകയും തുടര്‍ന്ന് മുങ്ങി മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ബലമായി പുഴയില്‍ ചാടിച്ചതിനാല്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.
ഷാനു ചാക്കോയാണ് മുഖ്യ സൂത്രധാരന്‍. കെവിന് കൊലക്കേസില്‍ പ്രതികള്‍ അറസ്റ്റിലായി 58-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കെവിനും നീനുവുമായുള്ള പ്രണയം പ്രതികള്‍ക്ക് വൈരാഗ്യത്തിന് കാരണമായതായി കുറ്റപത്രത്തില്‍ പറയുന്നു. 186 സാക്ഷി മൊഴികളും 118 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചു.
കെവിനെ മാന്നാനത്തെ വീട്ടില്‍ നിന്ന് വൈകിട്ട് പിടിച്ചു കൊണ്ടു പോകുകയും ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പുഴയില്‍ ചാടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയായ കെവിനെ കൊല്ലം പുനലൂര്‍ ചാലിയേക്കരയിലെ പുഴയിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ട് പോയെന്ന പരാതി ലഭിച്ചിട്ടും പോലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.






