ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാരിന് ഗവര്‍ണറെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം കോടതി ശരിവച്ചു. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. കേസിലെ പ്രതികളായ പേരറിവാളന്, ശാന്തന്, മുരുകന്, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍ രവിചന്ദ്രന്‍ എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് വിധി.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ കഴിഞ്ഞ 27 വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. നളിനി അടക്കം വധശിക്ഷ ലഭിച്ച പ്രതികളുടെ ശിക്ഷ പിന്നീട് സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചിരുന്നു. സുപ്രീം കോടതി പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തതിനെ തുടര്‍ന്ന് 2016ല്‍ ജയലളിത സര്‍ക്കാര്‍ എല്ലാ പ്രതികളെയും വിട്ടയക്കാന്‍ തീരുമാനിച്ചിരുന്നു.
ഭരണഘടനയുടെ 161-ാം അനുഛേദപ്രകാരമാണ് പ്രതികളെ വിട്ടയക്കാന്‍ തീരുമാനിച്ചത്. ഇത് ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസിലെ പ്രതികളെ വിട്ടയക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.






