
കാലീഫോര്ണിയ: ടെക്ക് ലോകത്തെ അതികായന് ആപ്പിള്‍ പുതിയ ഫോണ്‍ മോടലുകള് അവതരിപ്പിച്ചു. ആപ്പിള്‍ പാര്‍ക്കിലെ സ്റ്റീവ് ജോബ്സ് തീയേറ്ററില്‍ വച്ചു നടന്ന ചടങ്ങില്‍ പുതിയ മൂന്ന് മോഡലുകളാണ് സിഇഒ ആയ ടിം കുക്ക് അവതരിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ആപ്പിള്‍ ടെന്‍ സീരീസിന്റെ ഏറ്റവും പുതിയ മോഡലുകളായ ഐഫോണ്‍ ടെന്‍ എസ്, ടെന്‍ എസ് മാക്സ്, ടെന്‍ ആര് എന്നീ പുതിയ മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. നാലാം തലമുറ ആപ്പിള്‍ വാച്ചും ആപ്പിള്‍ പുറത്തിറക്കിയിട്ടുണ്ട്. സൂപ്പര്‍ റെറ്റിന ഒഎല്‍ഇഡി ഡിസ്പ്ലേയുമായാണ് ആദ്യ രണ്ടു മോഡലുകളും പുറത്തിറക്കിയിരിക്കുന്നത്. പതിവ് പോലെ 5.8 ഇഞ്ച് വലിപ്പത്തില്‍ ഐഫോണ്‍ ടെന്‍ എസും ടെന്‍ എസ് മാക്സില്‍ 6.5 ഇഞ്ചുമാണ് വലിപ്പവുമാണുള്ളത്.
ആദ്യമായി ആപ്പിളില്‍ ഡ്യൂവല്‍ സിംകാര്‍ഡും ഡ്യുവല്‍ സ്റ്റാന്ബൈയും ടിം കുക്ക് ഒരുക്കിയിട്ടുണ്ട്. സാധാരണ സിം സ്ലോട്ട് കൂടാതെ ഇ-സിം കൂടി പുതിയ ഐഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നത്. ചൈനീസ് വിപണി കൂടി ലക്ഷ്യമിട്ടാണ് ഡ്യൂവല്‍ സിം അവതരിപ്പിച്ചിരിക്കുന്നത്.
അതിന് പുറമെ ടെന്‍ സീരിസിലെ എഎന്‍ പ്രോസസര്‍ മാറ്റി കൂടുതല്‍ കരുത്തോടുകൂടി എ12 ആണ് ഐഫോണ്‍ ടെന്‍ എസ്, ടെന്‍ എസ് മാക്സ് മോഡലുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് മുന്‍ പ്രോസസറുമായി താരതമ്യം ചെയ്യുമ്പോള്‍ 15 ശതമാനം ബാറ്ററിയുടെ ഉപയോഗവും കുറവാണ്. ഇതിന് പുറമെ 50 ശതമാനം കൂടുതല്‍ ഗ്രാഫിക്സും പ്രത്യേകതയാണ്. സ്പേസ് ഗ്രേ, സില്‍വര്‍, ഗോള്‍ഡ് ഫിനിഷ് എന്നീ നിറങ്ങളില്‍ പുതിയ ഫോണുകള്‍ ലഭിക്കുന്നത്.
ഐഫോണ്‍ കൂടുതല്‍ ജനകീയമാക്കുക എന്ന ഉദ്ദേശത്തോടെയാണ് മൂന്നമത്തെ മോഡലായ ഐഫോണ്‍ ടെന്‍ ആര് പുറത്തിറക്കിയിരിക്കുന്നത്. വൈഡ് ആംഗിള്‍ ലെന്സുമായെത്തുന്ന ഒരു ക്യാമറ മാത്രമാണുള്ളത്. 64, 128, 256 ജിബി വേരിയന്റുകളിലാണ് ഇത് വിപണിയിലെത്തുക.
ലോകത്തെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണ്‍ ആണ് ഐഫോണ്‍ എന്ന് ടിം കുക്ക് അവകാശപ്പെട്ടു. 98 ശതമാനം ഉപഭോക്താക്കളും സംതൃപ്തരാണെന്നും ആപ്പിള്‍ മേധാവി അവകാശപ്പെട്ടു. പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും അഡ്വാന്‍സ്ഡ് ആയ മോഡലുകളാണ് ടെന്‍ എസ് എന്ന് ടിം കുക്ക് പറഞ്ഞു.
2716 എംഎച്ച് പവറുള്ള ബാറ്ററിയുള്ള ഐഫോണ്‍ ടെന്‍ എസിന്റെ റിയര്‍ ക്യാമറ 12 എംപിയും ഫ്രണ്ട് ക്യാമറ 7 എംപിയുമാണുള്ളത്. ഐഓഎസ് 12 ആണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. ഐഫോണ്‍ ടെന്‍ എസ് മാക്സില്‍ ബാറ്ററിയുടെ സൈസില്‍ മാത്രമാണ് വിത്യാസമുണ്ടായിരിക്കുന്നത്. 3300 എംഎഎച്ച് ആണ് ഇതിന്റെ ബാറ്ററി. പോര്‍ട്രെയ്റ്റ് ചിത്രങ്ങള്‍ പകര്‍ത്തിയതിന് ശേഷം ഡെപ്ത് ഓഫ് ഫീല്‍ഡ് ക്രമീകരിക്കാനും സാധിക്കും.
ഇന്ത്യയിലെ വില
ഇന്ത്യന്‍ വിപണിയില്‍ വൈകിയെത്തുമെന്നു കരുതുന്ന ഐഫോണ്‍ ടെന്‍ എസിന്റെ പ്രൈസ് ടാഗ് വില ബേസ് മോഡലിന്റെ വില 71,800 രൂപയായിരിക്കുമെന്നാണ് കരുതുന്നത്. തുടര്‍ന്നുള്ള 64 ജിബി വേറിയന്റിന് 82,600 രൂപയും 256 ജിബി വേരിയന്റിന് 97,000 രൂപയുമാണ് പ്രതീക്ഷിക്കുന്നത്.
ഐഫോണ്‍ ടെന്‍ എസ് മാക്സിന്റെ ബേസ് മോഡലായ 64 ജിബിയ്ക്ക് വില 79,000 രൂപയും തുടര്‍ന്നുള്ള 256 ജിബി വേരിയന്റിന് 89,800 രൂപയുമാണുള്ളത്. 512 ജിബി വേരിയന്റിന് പ്രതീക്ഷിക്കുന്നത് 1,04,200 രൂപയാണ്. എന്നാല്‍, ആദ്യ മോഡലിന് 99,900 യാകുമെന്നാണ് കരുതുന്നത്. ഡോളറിനെതിരെ രൂപയുടെ വില താഴ്ന്നതാണ് ആപ്പിള്‍ ആരാധകരെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
ആപ്പിള്‍ വാച്ച് 4
നിങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ഞങ്ങളുടെ കൈയ്യില്‍ സുരക്ഷിതമാണെന്ന് പറഞ്ഞുകൊണ്ടാണ് ടിം കുക്ക് സ്മാര്‍ട്ട് വാച്ചിന്റെ പുതിയ സീരീസായ ആപ്പിള്‍ വാച്ച് 4 പുറത്തിറക്കിയത്. ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം എന്നിവ രേഖപ്പെടുത്താവുന്ന ഹെല്‍ത്ത് ആപ്പും, ഓഹരി വിപണിയിലെ പുതിയ വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്ന ആപ്പുകള്‍ അടക്കം ഒരു പിടി മികച്ച ആപ്പുകളുടെ സേവനവും ഇവിടെ ലഭ്യമാണ്.
18 മണിക്കൂറാണ് വാച്ചിന്റെ ബാറ്ററി ലൈഫ്. ഉപയോക്താവ് കാല്‍തെന്നി വീണാലും മനസ്സിലാക്കാനും മുന്നറിയിപ്പ് നല്‍കാനും കഴിവുള്ളതാണ് സിരി സംവിധാനം. പിന്നാലെ എമര്‍ജന്‍സി കോണ്‍ടാക്സ് നമ്പരുകളിലേക്ക് കോളുകള്‍ പോകുകയും ചെയ്യും.
ഒരു ഡോക്ടറുടെ സഹായം പോലും വേണ്ടാതെ ഇസിജി എടുക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹൃദയമിടിപ്പുനിരക്ക് മന്ദഗതിയിലാകുക, ഹൃദയതാളം, ഇസിജി എന്നിങ്ങനെ മൂന്നു തരത്തിലുള്ള ആരോഗ്യ അവസ്ഥകളെക്കുറിച്ച് വാച്ച് പരിശോധിച്ചു കൊണ്ടേയിരിക്കും. മികച്ച കണക്ടിവിറ്റിക്കായി പുതിയതരം മൈക്ക്, സ്പീക്കര്‍ എന്നിവയോടൊപ്പം നല്ല പെര്‍ഫോമന്‍സും വാഗ്ദാനം ചെയ്യുന്നു. യുഎസിലെ ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) വാച്ചിലെ ആരോഗ്യ ഫീച്ചറുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.
വര്‍ക് ഔട്ടിന് കൂടുതല്‍ ആപ്പുകളും വാച്ചിലുണ്ട്. ഡിജിറ്റല്‍ ക്രൗണ്‍, ജിപിഎസ്/സെല്ലുലാര്‍ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. ഹെല്‍ത്ത് ഡേറ്റ വാച്ചിലും ക്ലൗഡിലും പൂര്‍ണമായും എന്‍ക്രിപ്റ്റ് ചെയ്തായിരിക്കും സൂക്ഷിക്കുക. ജിപിഎസ് വാച്ചിന് 399 ഡോളറും സെല്ലുലാര്‍ മോഡലിന് 499 ഡോളറുമാണു യുഎസില്‍ വില. ഈമാസം 14 മുതല്‍ പ്രീഓര്‍ഡര്‍ നല്‍കാം. ഇതോടൊപ്പം വില കുറച്ച വാച്ച്3 മോഡല്‍ 279 ഡോളറിനു ലഭ്യമാകും.