
രണ്ടു പേരും ദുരഭിമാന കൊലയുടെ ബാക്കിപത്രങ്ങള്‍, രണ്ടു പേര്‍ക്കും വിലപ്പെട്ടത് നഷ്ടമായത് ജാതിയുടെയും പ്രണയത്തിന്റെയും പേരില്‍. രണ്ടുപേരുടെയും ശിഷ്ടജീവിതത്തിനും ഭാവിക്കും ഇനിയുള്ളത് പങ്കാളികളുടെ കുടുംബത്തിന്റെ തണലുകളും. ഒരു പക്ഷേ തെലുങ്കാനയിലെ പ്രണയ് യുടെ വിധവ അമൃതയ്ക്കും കേരളത്തിലെ കെവിന്റെ പെണ്ണ് നീനുവിനും സമാനതകള്‍ ഉണ്ട്. രണ്ടുപേരും പ്രണയിച്ചതും ആഗ്രഹിച്ചതും ജാതിശ്രേണിയിലെ കീഴാളവിഭാഗത്തിലെ യുവാക്കളെയായിരുന്നു. എല്ലാത്തരത്തിലും അമൃത നീനുവിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ഭര്‍ത്താവ് മരിച്ച ശേഷം അമൃതയ്ക്ക് തുണയാകുന്നത് ഭര്‍ത്താവിന്റെ വീട്ടുകാരാണ്. ജീവിച്ചു കൊതിതീരും മുമ്പേയുള്ള പ്രിയതമന്റെ വേര്‍പാടില്‍ നെഞ്ചു തകര്‍ന്ന അമൃതയെ മകളെ പോലെ തന്നെ കൂടെ നിര്‍ത്താന്‍ തയ്യാറാകുകയാണ് പ്രണയ് യുടെ മാതാപിതാക്കളായ ബാലകൃഷ്ണയും ഭാര്യയും. അമൃതയെ ഉപേക്ഷിക്കില്ലെന്നും അവളെ സംരക്ഷിക്കുമെന്നും തങ്ങള്‍ കൈവിട്ടാല്‍ അവള് എവിടെ പോകുമെന്നും പ്രണയ് യുടെ മാതാവ് ചോദിക്കുന്നു. മകളെയും അവളുടെ വയറ്റില്‍ വളരുന്ന കുഞ്ഞിനെയും സംരക്ഷിക്കുന്നതിനൊപ്പം നീതിക്ക് വേണ്ടി പോരാടുമെന്നും ബാലകൃഷ്ണ പറയുന്നു.
ദുരഭിമാനം മുന്‍ നിര്‍ത്തി തന്നെ പ്രണയ് യുടെ പ്രണയത്തെ ബാലകൃഷ്ണ ആദ്യം എതിര്‍ക്കുകയായിരുന്നു. എന്നാല്‍ മകന്റെ ഭാര്യയായി അമൃത വന്നു കയറിയത് മുതല്‍ എതിര്‍പ്പ് ഇല്ലാതാകുകയും മരുമകള്‍ മകളായി മാറുകയും ചെയ്തു. നിഷ്ക്കളങ്കയായ പെണ്കുട്ടിയായിട്ടായിരുന്നു അമൃത വീട്ടില്‍ വന്നു കയറിയത്. ഇനി അവള് മകളായി തങ്ങളോടൊപ്പം തന്നെ കഴിയുമെന്നും അയാള്‍ പറയുന്നു. അതേസമയം തന്നെ തങ്ങളെയും ശത്രുക്കള്‍ ഇല്ലാതാക്കുമോ എന്ന ആശങ്കയുമുണ്ട്.
മകളെയും മരുമകനെയും ഏതുവിധേനെയും ഇല്ലാതാക്കാന്‍ അമൃതയുടെ പിതാവ് മാരുതി റാവു ഒരു കോടി രൂപയ്ക്കാണ് ക്വട്ടേഷന്‍ കൊടുത്തത്. ഇതില്‍ 18 ലക്ഷം രൂപ കൊലയാളി സംഘത്തിന് കൈമാറുകയും ചെയ്തു. ഐഎസ്ഐ ബന്ധമുള്ളതും മൂന് ബീഹാര്മന്ത്രിയെ വരെ വധിച്ചതിന് ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള വാടകക്കൊലയാളിക്കായിരുന്നു കരാര്‍. ബീഹാറില്‍ നിന്നുള്ള മറ്റുള്ളവരുടെ സംഘത്തോടൊപ്പം പ്രണയ് യെ അമൃതയുടെ മുന്നിലിട്ട് തന്നെ ക്വട്ടേഷന്‍ സംഘം ഇല്ലാതാക്കുകയും ചെയ്തു. അതേസമയം ആദ്യ എതിര്‍പ്പിന് ശേഷം വിവാഹത്തെ അംഗീകരിച്ച മാരുതിറാവു ഇരുവരേയും സ്വീകരിക്കുകയും സ്വന്തം വീട്ടില്‍ വിരുന്നൂട്ടുകയും ചെയ്ത ശേഷമായിരുന്നു ക്രൂരത കാട്ടിയത്.
പ്രണയ് യുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന അമൃതയേയും കുഞ്ഞിനെയും സംരക്ഷിക്കുന്നതിനൊപ്പം കുറ്റവാളികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ എത്തിക്കും വരെ നിയമപോരാട്ടവും നടത്തുമെന്ന് പ്രണയ് യുടെ മാതാപിതാക്കള്‍ പറയുന്നു. സമാന രീതിയില്‍ തന്നെയായിരുന്നു കൊല്ലം കാരിയായ നീനുവിന്റെ എല്ലാമെല്ലാം ആയിരുന്ന കെവിനെ സഹോദരനും പിതാവും ചേര്‍ന്ന് കൊലപ്പെടുത്തിയതും. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു നീനു കെവിനൊപ്പം പോയത്. കെവിന്റെ ജാതിയും സമ്പത്തും എതിര്‍പ്പിന് കാരണമായപ്പോള്‍ ക്വട്ടേഷന്‍ കൊടുത്ത് നീനുവിന്റെ വീട്ടുകാര്‍ ഇല്ലാതാക്കുകയായിരുന്നു. മാതാപിതാക്കളും സഹോദരനും പ്രതിക്കൂട്ടിലായതോടെ നീനുവിനെ കെവിന്റെ മാതാപിതാക്കള്‍ ഏറ്റെടുക്കുകയായിരുന്നു.
കെവിന്റെ മരണശേഷം നീനുവിനെ സ്വന്തം മകളായി ഒപ്പം കൂട്ടിയ കെവിന്റെ പിതാവ് ജോസഫ് നീനുവിനെ ചേര്‍ത്തുപിടിച്ചു. ഇന്ന് നീനു ജീവിക്കുന്നത് ജോസഫിന്റെ സ്വന്തം മകളായിട്ടാണ്. നീനുവിന്റെ തുടര്‍പഠനവും ഭാവിയുമെല്ലാം ജോസഫിന്റെ ചുമതലയിലായിരിക്കുകയാണ്.






