
പത്തനംതിട്ട: മദ്യപിച്ച് പൊലീസ് വാഹനം ഓടിച്ച സംഭവത്തിൽ മൂന്ന് സിവിൽ പൊലീസ് ഓഫീസർമാരെ സസ്‌പെൻഡ് ചെയ്തു. പത്തനംതിട്ട ഡിവൈഎസ്‌പിക്ക് കീഴിലുള്ള ഡാൻസാഫ് (ലഹരിവിരുദ്ധ സ്ക്വാഡ്) സംഘത്തിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് ജില്ലാ പൊലീസ് മേധാവി നടപടി സ്വീകരിച്ചത്.
സുമൻ, പ്രിയേഷ്, രാഹുൽ എന്നിവർക്കെതിരെയാണ് സസ്‌പെൻഷൻ. സംഭവസമയത്ത് പ്രിയേഷായിരുന്നു പൊലീസ് ജീപ്പ് ഓടിച്ചിരുന്നത്. മദ്യലഹരിയിൽ വാഹനം ഓടിച്ചതായി സംശയം തോന്നിയ നാട്ടുകാർ ജീപ്പ് തടയുകയായിരുന്നുവെന്നാണ് വിവരം. വാഹനം തടഞ്ഞതോടെ പ്രിയേഷിനെ ഒഴികെയുള്ള രണ്ട് പൊലീസുകാർ ജീപ്പിൽ നിന്ന് ഇറങ്ങി ഓടിയതായും നാട്ടുകാർ പറയുന്നു.
ലഹരിയിലായിരുന്ന പ്രിയേഷ് സീറ്റിൽ കിടന്ന നിലയിൽ വാഹനം ഓടിച്ചുവെന്നാണ് ദൃക്‌സാക്ഷികളുടെ ആരോപണം. അപകടം ഒഴിവായത് തലനാരിഴയ്ക്കാണെന്നും അവർ പറഞ്ഞു.
ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ സംഘത്തിലെ ഉദ്യോഗസ്ഥരുടെ ഈ നടപടി സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് 'ഓപ്പറേഷൻ തൂഫാൻ' തുടരുന്നതിനിടെയുണ്ടായ സംഭവം ഗൗരവമായി കണക്കിലെടുത്ത ജില്ലാ പൊലീസ് മേധാവി അർധരാത്രിയോടെ തന്നെ മൂന്ന് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കി.






