
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം സമാപിച്ചു. അതേസമയം ദിവസേനയുള്ള വില വര്‍ധനവിന് പരിഹാരമായി പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായില്ല. വിഷയം ചര്‍ച്ച ചെയ്തോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യം അജണ്ടയില്‍ ഇല്ലായിരുന്നുവെന്ന് ധനമന്ത്രി മറുപടി നല്കി. ജി.എസ്.ടി കൗന്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അരുണ്‍ ജെയ്റ്റ്ലി.
ദിവസേന ഇന്ധന വില കുതിക്കുന്ന സാഹചര്യത്തില്‍ പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് തന്നെയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും ഇന്ന് ചേര്‍ന്ന മുപ്പതാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലും വിഷയം ചര്‍ച്ചയായില്ല.
പ്രളയത്തെ അതിജീവിച്ച കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ പ്രത്യേക സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര ധനമന്ത്രി സമ്മതിച്ചിരുന്നു. ഇക്കാര്യം തീരുമാനിക്കാന്‍ ഏഴംഗ മന്ത്രിമാരുടെ സമിതി രൂപീകരിച്ചു. നിശ്ചിതകാലത്തേക്ക് ചില ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ചുമതത്തി തുക കണ്ടെത്താനാണ് തീരുമാനം. സംസ്ഥാനത്തിന് മാത്രമായി ജി.എസ്.ടി സെസ് ഏര്‍പ്പെടുത്തുക സാധ്യമല്ലാത്തതിനാല്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സെസ് ഏര്‍പ്പെടുത്തും. ഇതിലൂടെ 2000 കോടി രൂപ കണ്ടെത്താനാണ് ശ്രമം.






