
റിയാദ്: ഖത്തറിൽ നിന്ന് റോഡ് മാർഗം എത്തി ഉംറ നിർവഹിച്ച ശേഷം മക്കയിൽ നിന്ന് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മാതാവും മകളും മരിച്ചു. മലപ്പുറം തിരൂർ രാങ്ങാട്ടൂർ നടുവട്ടം തെക്കേ പീടിക്കൽ അബ്ദുല്ലത്തീഫിന്റെ (കുഞ്ഞുമോൻ) ഭാര്യ രഹന (52), മകൾ ഡോ. നഹ്ല നർമിൻ (29) എന്നിവരാണ് മരണപ്പെട്ടത്.
ഞായറാഴ്ച രാത്രി എട്ടോടെ ത്വാഇഫ്–റിയാദ് എക്സ്പ്രസ് ഹൈവേയിലെ ദലം പ്രദേശത്തായിരുന്നു അപകടം. ഉംറ കർമങ്ങൾ പൂർത്തിയാക്കി ഖത്തറിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്.
ഹൈവേയിലൂടെ വാഹനം സഞ്ചരിക്കുമ്പോൾ ശക്തമായ കാറ്റിൽ പറന്നെത്തിയ വലിയ പ്ലാസ്റ്റിക് ഷീറ്റ് ലാൻഡ് ക്രൂയിസറിന്റെ മുൻവിൻഡ്ഷീൽഡിൽ പതിച്ചതോടെ ഡ്രൈവറുടെ കാഴ്ച പൂർണമായും മറഞ്ഞു. ഇതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും നിരവധി തവണ മറിയുകയും ചെയ്തതായി അബ്ദുല്ലത്തീഫ് അറിയിച്ചു.
അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന അബ്ദുല്ലത്തീഫ്, മറ്റ് രണ്ട് പെൺമക്കൾ, ഒരു പേരക്കുട്ടി എന്നിവർക്ക് പരിക്കേറ്റെങ്കിലും ജീവാപായമില്ലെന്നാണ് പ്രാഥമിക വിവരം.
ദീർഘകാലമായി ഖത്തറിലെ പ്രമുഖ സ്ഥാപനമായ ഖത്തർ പെട്രോകെമിക്കൽ കമ്പനി (കാപ്കോ)യിൽ ഉദ്യോഗസ്ഥനാണ് അബ്ദുല്ലത്തീഫ്. മരിച്ച രഹന ഉമർകുട്ടി–മെഹറുന്നിസ കുമ്മത്ത് ദമ്പതികളുടെ മകളാണ്.
അപകടവിവരമറിഞ്ഞതോടെ ദമ്മാമിൽ നിന്നടക്കം സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ബന്ധുക്കളും കെ.എം.സി.സി പ്രവർത്തകരും സാമൂഹിക പ്രവർത്തകരും ദലം സെൻട്രൽ ആശുപത്രിയിലെത്തി. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം സൗദി അറേബ്യയിൽ തന്നെ ഖബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം.






