
നാം പച്ചക്കറികളുടെ ഗണത്തിൽ ഉൾപ്പെടുത്തി ഉപയോഗിക്കുന്ന ജലാംശമുള്ള ഒരു ഫലമാണ് വെള്ളരിക്ക. കുക്കുമിസ് സറ്റൈവസ് എന്നാണ് വെള്ളരിക്ക ചെടിയുടെ ശാസ്ത്രനാമം. ഇത് പച്ചയ്ക്കും പാകം ചെയ്തും കഴിക്കാൻ സാധിക്കും. ഇതിന്റെ സൗന്ദര്യ ഗുണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്;
1. കരിവലയങ്ങളുടെ നിറം കുറയ്ക്കുന്നു
വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്ന നിരോക്സീകാരികളും സിലിക്കയും ചർമ്മത്തെ നവീകരിക്കുന്നതിനും കരിവലയങ്ങളുടെ നിറം കുറയ്ക്കുന്നതിനും സഹായിക്കും. ഇതിനായി, വട്ടത്തിൽ അരിഞ്ഞെടുത്ത രണ്ട് വെള്ളരിക്ക കഷണം കണ്ണിനു മുകളിൽ വച്ച് 20 മിനിറ്റു നേരം വിശ്രമിക്കുക. ഇതിന്റെ നീര് പഞ്ഞിയിൽ മുക്കിയും ഉപയോഗിക്കാം.
2. കണ്ണിന്റെ വീക്കം കുറയ്ക്കുന്നു
കണ്ണിനു താഴെ വീങ്ങിയിരിക്കുന്നത് നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? കണ്ണിനു താഴെ വെള്ളരിക്ക കഷണം വയ്ക്കുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കും.
3. ചർമ്മത്തിലെ നിറവ്യത്യാസത്തിന്
ചർമ്മത്തിൽ കുത്തുകളോ നിറവ്യത്യാസമോ ഉള്ള ഭാഗത്ത് വെള്ളരിക്ക കുഴമ്പു പരുവത്തിലാക്കി പുരട്ടുക. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം. ആഴ്ചയിൽ മൂന്ന് തവണ പുരട്ടിയാൽ കാലക്രമേണ പാടുകൾ കുറഞ്ഞുവരും. ഓർക്കുക, ക്ഷമ അത്യാവശ്യമാണ്, ഒരു രാത്രികൊണ്ട് എല്ലാം മാറിമറിയുമെന്ന് പ്രതീക്ഷിക്കരുത്.
4. നിറം മെച്ചപ്പെടുത്തും
വെള്ളരിക്കനീരിൽ നാരങ്ങാനീരു ചേർത്ത് മുഖത്തു പുരട്ടുന്നത് ചർമ്മത്തിനു തിളക്കം നൽകും. കളങ്കങ്ങളും നിറവ്യത്യാസവും പരിഹരിക്കുന്നതിനും ഇത് സഹായിക്കും.
5. തണുപ്പിന്
ശരിയായ രീതിയിൽ സൺ പ്രൊട്ടക്ഷൻ നൽകിയിട്ടുകൂടി സൂര്യപ്രകാശത്തിൽ കുറച്ചുസമയം ചെലവഴിച്ചപ്പോൾ ചർമ്മം വരണ്ടതായി തോന്നുന്നോ? വിഷമിക്കേണ്ട, അല്പം വെള്ളരിക്ക നീര് അല്ലെങ്കിൽ കുഴമ്പ് ചർമ്മത്തിൽ പുരട്ടിയാൽ മതി. ചർമ്മത്തിന് സുഖാനുഭൂതി പകരാൻ സാധിക്കും.
6. ടോണർ
വെള്ളരിക്ക നീര്, അൽപ്പം ആപ്പിൾ സൈഡർ വിനഗർ, ഏതാനും തുള്ളി നാരങ്ങാ നീര്, തേൻ, കറ്റാർവാഴയുടെ ജെൽ അല്ലെങ്കിൽ തക്കാളി പൾപ്പ് എന്നിവ കൂട്ടിക്കലർത്തി മുഖത്ത് പുരട്ടുക. വികസിച്ചിരിക്കുന്ന ചർമ്മത്തിലെ സുഷിരങ്ങൾ പെട്ടെന്ന് സങ്കോചിക്കാൻ ഇത് സഹായിക്കും.
വെള്ളരിക്കനീര് കുടിക്കുന്നതിന്റെ പ്രയോജനങ്ങൾ (Benefits of drinking cucumber water):
1. നിരോക്സീകാരികൾ: കോശങ്ങളുടെ തകരാറുകളെ പ്രതിരോധിക്കുന്നതിനും വൈകിപ്പിക്കുന്നതിനും സഹായിക്കുന്ന ധാരാളം നിരോക്സീകാരികൾ ഇതിലടങ്ങിയിരിക്കുന്നു. നിങ്ങളുടെ ആഹാരത്തിൽ വെള്ളരിക്കനീര് ഉൾപ്പെടുത്തുന്നത് ചർമ്മത്തെ ശരിയായ രീതിയിൽ ജലീകരിക്കാൻ സഹായിക്കും.
2. രക്തസമ്മർദം കുറയ്ക്കുന്നു: ഭക്ഷണത്തിൽ കൂടുതൽ ഉപ്പ് ഉൾപ്പെടുത്തുന്നതും പൊട്ടാസ്യം കുറയുന്നതുമാണ് രക്തസമ്മർദം അധികരിക്കുന്നതിനുള്ള കാരണങ്ങളിൽ ഒന്ന്. അമിതമായി ഉപ്പു കഴിക്കുന്നത് ശരീരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതിനും അതുവഴി രക്തസമ്മർദത്തിന്റെ തോത് ഉയരുന്നതിനും കാരണമാകുന്നു. രക്തസമ്മർദത്തെ നിയന്ത്രിക്കുന്നതിൽ പൊട്ടാസ്യത്തിന് വ്യക്തമായ പങ്കുണ്ട്. ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ, വെള്ളരിക്കനീര് കുടിക്കുന്നത് രക്തസമ്മർദത്തെ നിയന്ത്രിക്കാൻ സഹായിക്കും.
3. ആരോഗ്യമുള്ള ചർമ്മം: വെള്ളരിക്കയിൽ പാന്റോത്തെനിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ മുഖക്കുരുവിന് എതിരെ ഫലപ്രദമായി പ്രവർത്തിക്കും.