നേപ്പാള്‍: ഇന്ത്യയുടെ അയല്‍ രാജ്യമായ നേപ്പാളില്‍ പോണ് വെബ്സൈറ്റുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തി. പതിനായിരക്കണക്കിന് പോണ് വെബ്സൈറ്റുകളാണ് നേപ്പാളില്‍ ഇന്റര്‍നെറ്റ് പ്രൊവൈഡര്‍മാര്‍ ബ്ലോക്ക് ചെയ്തത്. ലൈംഗീകാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് നേപ്പാള്‍ ഭരണകൂടം പോണ്‍സൈറ്റുകള്‍ നിരോധനമേര്‍പ്പെടുത്തിയത്.
പോണോഗ്രഫിക് ഉള്ളടക്കങ്ങളുടെ ഉപയോഗം, പ്രക്ഷേപണം, പ്രസിദ്ധീകരണം എന്നിവയെല്ലാം ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാക്കിക്കൊണ്ടുള്ള നിയമ നിര്‍മാണമാണ് നേപ്പാള്‍ ഭരണകൂടം നടത്തീരിക്കുന്നത്. ഉത്തരവനുസരിുച്ച് രാജ്യത്തെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ 25,000ല്‍ അധികം വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതായി നേപ്പാള്‍ ടെലികോം അതോറിറ്റി മേധാവി മിന് പ്രസാദ് ആര്യാല്‍ പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്നും എന്നാല്‍ വളരെ നല്ല തുടക്കമാണെന്നും ആര്യാല്‍ വ്യക്തമാക്കി.
ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റുകള്‍ നിരോധിച്ചതിനെതിരെ ചില പ്രതിഷേധ സ്വരങ്ങളും രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. മോശം ഉള്ളടക്കം ഉണ്ട് എന്നാരോപിച്ച് ഭാവിയില്‍ ഏത് വെബ്സൈറ്റും നിരോധിക്കാന്‍ സര്‍ക്കാരിന് അവസരമൊരുക്കുന്നതാണ് ഈ നീക്കമെന്ന് ചിലര്‍ വിമര്‍ശിക്കുന്നു. എന്താണ് അശ്ലീലം, എന്തുകൊണ്ടാണ് എന്നിങ്ങനെയുളള കാര്യങ്ങള്‍ വ്യക്തമാക്കാതെയും കൃത്യമായ പഠനങ്ങളില്ലാതെയുമാണ് നിയമനിര്‍മാണമെന്നും വിമര്‍ശനമുണ്ട്.
ഇന്ത്യന്‍ ഭരണകൂടവും മുമ്പ് പോണ്‍സൈറ്റുകള്‍ നിരോധിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ പ്രതിഷേധങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആ നീക്കത്തില്‍ നിന്നും പിന്തിരിയുകയായിരുന്നു.






