
മെസേജിംഗ് ആപ്പുകളുടെ ലോകത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് എലോണ്‍ മസ്കിന്റെ എക്സ് കമ്പനി 'എക്സ് ചാറ്റ്' (X Chat) പുറത്തിറക്കി. വാട്സാപ്പ്, ടെലഗ്രാം എന്നിവയ്ക്ക് ബദലായി അവതരിപ്പിച്ചിരിക്കുന്ന ഈ ആപ്പ് നിലവില്‍ ഐഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ക്കാണ് ലഭ്യമാകുന്നത്. എക്സ് പ്ലാറ്റ്ഫോമിലെ നിലവിലുള്ള അക്കൗണ്ട് ഉപയോഗിച്ച് തന്നെ ഉപയോക്താക്കള്‍ക്ക് ഇതിലേക്ക് ലോഗിന്‍ ചെയ്യാം.
സന്ദേശങ്ങളുടെ സുരക്ഷയ്ക്കായി എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യയാണ് എക്സ് ചാറ്റില്‍ ഒരുക്കിയിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് മുന്‍ഗണന നല്കുന്ന ഈ ആപ്പില്‍ പരസ്യങ്ങള്‍ ഉണ്ടാകില്ലെന്നത് ശ്രദ്ധേയമാണ്. ചാറ്റുകളുടെ സ്ക്രീന്‍ഷോട്ട് എടുക്കുന്നത് തടയാനുള്ള ഫീച്ചറും സുരക്ഷാ പിന് സംവിധാനവും ഇതിന്റെ പ്രത്യേകതകളാണ്.
വാട്സാപ്പിന്റെ സുരക്ഷാ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ടാണ് മസ്ക് പുതിയ ആപ്പ് പ്രഖ്യാപിച്ചത്. വാട്സാപ്പിനെ പൂര്‍ണ്ണമായി വിശ്വസിക്കാനാവില്ലെന്നും യഥാര്‍ത്ഥ സ്വകാര്യത ആഗ്രഹിക്കുന്നവര്‍ എക്സ് ചാറ്റ് ഉപയോഗിക്കണമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. വാട്സാപ്പിന്റെ ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മസ്കിന്റെ ഈ നീക്കം.
അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനും എല്ലാവര്‍ക്കുമായി ഡിലീറ്റ് ചെയ്യാനുമുള്ള സൗകര്യങ്ങള്‍ എക്സ് ചാറ്റിലുണ്ട്. കൂടാതെ നിശ്ചിത സമയത്തിന് ശേഷം സന്ദേശങ്ങള്‍ താനേ ഇല്ലാതാകുന്ന ഫീച്ചറും ആപ്പിലുണ്ട്. വലിയ ഫയലുകളും എച്ച്ഡി ഫോട്ടോകളും വീഡിയോകളും വേഗതയില്‍ കൈമാറാനും സുരക്ഷിതമായ ഗ്രൂപ്പ് സംഭാഷണങ്ങള്‍ നടത്താനും ഇതിലൂടെ സാധിക്കും.
ഐഫോണിലും ഐപാഡിലും iOS/iPadOS 26 വേര്‍ഷനുകളോ അതിന് ശേഷമുള്ളവയോ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ നിലവില്‍ ഈ സേവനം ലഭ്യമാകൂ. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ലളിതമായ സൈന്‍ഇന്‍ നടപടികളിലൂടെ സന്ദേശങ്ങള്‍ അയച്ചു തുടങ്ങാം. വരും ദിവസങ്ങളില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.






