
തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മാണത്തിന് സഹായം തേടിയുള്ള മന്ത്രിമാരുടെ വിദേശയാത്ര അനിശ്ചിതത്വത്തിലായിരിക്കെ, യാത്രയ്ക്ക് അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ് വിദേശകാര്യവകുപ്പ് സെക്രട്ടറിക്കു കത്തു നല്കി. യാത്രയുടെ ഉദ്ദേശവും ഫണ്ട് ലഭിക്കേണ്ട ആവശ്യകതയും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിച്ചിട്ടില്ല. ചീഫ് സെക്രട്ടറി കത്ത് നല്കിയ സാഹചര്യത്തില്‍ അപേക്ഷ തള്ളിക്കളയില്ലെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 17 മുതല്‍ 21 വരെയാണ് മന്ത്രിമാര്‍ വിദേശത്തേക്കു പോകാനിരുന്നത്. ഈ മാസം ആദ്യം വിദേശകാര്യ മന്ത്രാലയത്തിന് സര്‍ക്കാര്‍ അപേക്ഷ നല്കി. അനുകൂല തീരുമാനമല്ല കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. രാഷ്ട്രീയ കാരണങ്ങളും അപേക്ഷയിലെ പോരായ്മയും തിരിച്ചടിയായി. മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് കര്‍ശന വ്യവസ്ഥകളോടെ യുഎഇ സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. മുഖ്യമന്ത്രി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തരുതെന്നും കേന്ദ്ര നിര്‍ദേശിച്ചിട്ടുണ്ട്. 17 മുതല്‍ 20 വരെയാണ് മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം. ബുധനാഴ്ച അദ്ദേഹം യാത്ര തിരിക്കുക.
നോര്‍ക്ക പ്രിന്‍സിപ്പള്‍ സെക്രട്ടറി ഇളങ്കോവന്, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് മുഖ്യമന്ത്രിയുടെ സംഘത്തിലുള്ളത്. 17ന് അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി 19ന് ദുബായിലും 20ന് ഷാര്‍ജയിലും സന്ദര്‍ശനം നടത്തും. ആരോഗ്യമന്ത്രി കെ.കെ ശൈലജ, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, വനം വകുപ്പ് മന്ത്രി കെ.രാജു എന്നിവരൊഴികെയുള്ള 17 മന്ത്രിമാരുടെ യാത്രയിലാണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്. ഈ മൂന്ന് മന്ത്രിമാരെ സര്‍ക്കാര്‍ വിദേശയാത്രയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ചീഫ് സെക്രട്ടറിക്ക് കത്തായിച്ചതോടെ ചില മന്ത്രിമാര്‍ക്കെങ്കിലും യാത്രാ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
മന്ത്രിമാരും, അവര്‍ സന്ദര്‍ശിക്കാനിരിക്കുന്ന രാജ്യങ്ങളും:
സൗദി അറേബ്യ - എ.കെ ബാലന്, മാത്യൂ ടി.തോമസ്
ഒമന്‍ - എ.സി മൊയ്തീന്
ഖത്തര്‍ - കെ.ടി ജലീല്‍
കൂവൈത്ത് - ഇ.പി ജയരാജന്
സിംഗപ്പൂര്‍ - ഇ. ചന്ദ്രശേഖരന്
മലേഷ്യ - പി. തിലോത്തമന്
ഓസ്ട്രേലിയ - ജെ. മേഴ്സിക്കുട്ടിയമ്മ
ന്യൂസിലാന്‍ഡ് - രാമചന്ദ്രന് കടന്നപ്പള്ളി
യു.കെ - കടകംപള്ളി സുരേന്ദ്രന്
ജര്‍മനി - എ.കെ ശശീന്ദ്രന്
നെതര്‍ലന്‍ഡ്സ് - മാത്യൂ ടി തോമസ്
യുഎസ്എ - തോമസ് ഐസക്, ജി സുധാകരന്
കാനഡ - വി.എസ് സുനില്‍കുമാര്‍
ശ്രീലങ്ക - ടി. പി രാമകൃഷ്ണന്






